flower

ആലപ്പുഴ: നിത്യ പൂജയ്ക്കുള്ള പുഷ്പങ്ങൾക്ക് വേണ്ടി കടകളെ ആശ്രയിക്കുന്ന പതിവിന് വിരാമമിട്ടിരിക്കുകയാണ് മാരാരിക്കുളം ചാരമംഗലം ശ്രീകുമാരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 'പുണ്യം പൂങ്കാവനം' എന്ന പേരിൽ ക്ഷേത്ര കോമ്പൗണ്ടിൽ തന്നെ ആവശ്യത്തിന് പുഷ്പങ്ങൾ വിളയിച്ചെടുക്കുന്ന പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഇതിലൂടെ നിത്യപൂജയ്ക്കുള്ള പുഷ്പങ്ങൾ ഉത്പാദിപ്പിക്കണമെന്ന തീരുമാനത്തിലാണ് ക്ഷേത്രം അധികൃതർ.

ആദ്യ ഘട്ടത്തിൽ വഴിപാടായി ലഭിച്ച 50 റോസാ ചെടികൾ നട്ടു. ഇത് കൂടാതെ മറ്റിനം പുഷ്പങ്ങൾ മുമ്പേ ക്ഷേത്രപ്പറമ്പിലുണ്ട്. പുതിയ പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞ് ധാരാളം പേരാണ് ചെടികൾ നൽകാനുള്ള താത്പര്യം ക്ഷേത്ര കമ്മിറ്റിയെ അറിയിക്കുന്നത്. ചെടികളുടെ വളവും പരിപാലനവുമടക്കം ക്ഷേത്ര ഭാരവാഹികളുടെ ചുമതലയാണ്.

കൈയെത്തും ദൂരത്ത് ശുദ്ധിയോടെ

തമിഴ്നാട്ടിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്ന പുഷ്പങ്ങളാണ് സാധാരണ ക്ഷേത്ര കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. രാസവളവും കീടനാശിനിയും അടങ്ങിയ ഇത്തരം പുഷ്പങ്ങളോട് വിടപറയണമെന്ന ക്ഷേത്ര കമ്മിറ്റിയുടെ ചിന്തയാണ് പുണ്യം പൂങ്കാവനം പദ്ധതിയിലെത്തിയത്. വഴിപാടായി ലഭിച്ച ചെടികളിൽ നിന്ന് നിത്യ പൂജയ്ക്കുള്ള പുഷ്പങ്ങൾ ലഭിക്കുന്നുണ്ട്. ഉത്സവ ദിനങ്ങളിൽ മാത്രമാണ് പുറത്ത് നിന്ന് പുഷ്ങ്ങൾ വാങ്ങേണ്ടി വരുന്നത്. കൂടുതൽപ്പേർ പദ്ധതിയുടെ ഭാഗമായി ചെടികളെത്തിച്ചാൽ വരും വർഷങ്ങളിൽ പ്രധാന ദിനങ്ങളിലടക്കം ഉപയോഗിക്കാൻ ആവശ്യമായ പുഷ്പങ്ങൾ ക്ഷേത്രത്തിൽ തന്നെ ഉത്പാദിപ്പിക്കാനാകുമെന്ന് ഭാരവാഹികൾ പറയുന്നു.

................................

ചെടികൾ വന്നതോടെ നിത്യ പൂജയ്ക്ക് പുറത്ത് നിന്ന് പുഷ്പങ്ങൾ വാങ്ങുന്ന പതിവ് അവസാനിച്ചു. കൂടുതൽപ്പേർ പദ്ധതിയിൽ പങ്കാളികളാകാൻ സമീപിക്കുന്നുണ്ട്

പി.ബി.അശോകൻ, ദേവസ്വം സെക്രട്ടറി