ആലപ്പുഴ: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രവർത്തന രഹിതമായിരുന്ന കായൽ ടൂറിസം മേഖല വീണ്ടും പ്രവർത്തന സജ്ജമായ സാഹചര്യത്തിൽ ഹൗസ് ബോട്ടുകളിലും, സ്പീഡ് ബോട്ടുകളിലും, ശിക്കാര വള്ളങ്ങളിലും പൊലീസിന്റെ സുരക്ഷാ പരിശോധന ആരംഭിച്ചു. അപകടകരമായ രീതിയിൽ ബോട്ടിന് മുകളിലിരുന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയും യാത്രക്കാർ സഞ്ചരിക്കുന്നതായി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. മതിയായ സുരക്ഷമാനദണ്ഡങ്ങൾ പാലിക്കതെ ബോട്ടുകൾ ഉപയോഗിച്ചാൽ ബോട്ടുടുമകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ഈക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുന്നതിനായി പൊലീസ് സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു.