
ആലപ്പുഴ: എ.സി റോഡ് നിർമ്മാണത്തിന്റെ മറവിൽ കുട്ടനാട്ടിൽ നിലം നികത്തൽ വ്യാപകമാകുന്നു. കുട്ടനാട് താലൂക്കിലെ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നത് വർദ്ധിക്കുകയാണ്. പൊലീസ് റവന്യു നഗരസഭ അധികൃതരുടെ പ്രത്യേക സ്‌ക്വാഡ് നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ക്ഷാമം പ്രവർത്തനത്തെ ബാധിച്ചു. വീടുവയ്ക്കാനെന്ന പേരിലും നിലം നികത്തുന്നുണ്ട്. എതിർക്കാതിരിക്കാൻ ക്വട്ടേഷൻ സംഘത്തിന്റെ പിൻബലവും ഇവർക്കുണ്ട്.
പൊതുതോടുകളിലെ കൈയേറ്റം പ്രത്യേകം ഏജന്റുമാർ കരാറടിസ്ഥാനത്തിലാണ് ചെയ്യുന്നത്. ടിപ്പറുകളിലും കെട്ടുവള്ളങ്ങളിലും പുലർച്ചെ ഗ്രാവലെത്തിച്ചാണ് നികത്തൽ. ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. നഗരത്തിൽ എ.സി റോഡിൽ ഒന്നാം പാലത്തിന് കിഴക്കോട്ട് ദേവസ്വംകരി പാടശേഖരം വ്യാപകമായി നികത്തുന്നത്. റോഡ് പുനർനിർമ്മാണത്തിനും കാന നിർമ്മാണത്തിനുമായി നീക്കം ചെയ്യുന്ന വലിയ കുഴികളിൽ നിന്നുള്ള മണലാണ് സ്വകാര്യവ്യക്തികളുടെ താത്പര്യ പ്രകാരം നിലം നികത്തുന്നതിനും തണ്ണീർത്തടങ്ങളും നികത്തുന്നതിനും ഉപയോഗിക്കുന്നത്. ദേവസ്വം കരി പാടശേഖരത്തിൽ എ.സി റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിലാണ് നികത്ത് തകൃതിയായി നടക്കുന്നത്. ഇതു സംബന്ധിച്ച് അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്വാധീനിച്ചാണ് നികത്തൽ നടക്കുന്നതെന്നാണ് ആക്ഷേപം. റോഡ് നവീകരണം പൂർത്തിയാകുമ്പോൾ റോഡിന് അടുത്തുള്ള ഭൂമിയ്ക്ക് വലിയ വില ലഭിക്കുമെന്ന് കണ്ടാണ് ഭൂ മാഫിയ നിലങ്ങൾ നികത്തുന്നത്. കളർകോട് ജംഗഷന് പടിഞ്ഞാറ് വൻതോതിൽ ചതുപ്പ് നിലങ്ങൾ ഇതിനകം നികത്തി കഴിഞ്ഞു. വലിയ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും വെള്ളക്കെട്ടിനും ഇത് ഇടയാക്കും.
.........
# കരപ്പാടങ്ങളും കൈയ്ക്കലാക്കി
നഗരസഭാ പരിധിയിൽ അഞ്ചു സെന്റിലും പഞ്ചായത്ത് പരിധിയിൽ പത്ത് സെന്റിലും കൂടുതൽ നിലെ നികത്താൻ നിയമം അനുവദിക്കാത്തതിനാൽ സ്വന്തമായി സ്ഥലം ഇല്ലാത്തവരുടെ പേരിൽ ഭൂമി വാങ്ങി നികത്തി വീടുവച്ച് വിൽപ്പന നടത്തുകയാണ് റിയൽ എസ്റ്റേറ്റ് മാഫിയ. കുട്ടനാടൻ മേഖലകളിൽ ചില കരപ്പാടങ്ങൾ ഇത്തരക്കാർ കൈക്കലാക്കിയിട്ടുണ്ട്.
..........
"താലൂക്കിൽ അനുമതിയില്ലാതെ നിലവും തണ്ണീർതടവും നികുത്തുന്നത് കണ്ടെത്തുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപികരിച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ വ്യാപകമായി നികത്തുന്നത്. കണ്ടെത്തുന്ന കേസുകളിൽ റിപ്പോർട്ട് സഹിതം തുടർ നടപടിക്കായി മേലധികാരികൾക്ക് സമർപ്പിക്കുന്നുണ്ട്.
(വിജയസേനൻ-തഹൽസീൽദാർ, കുട്ടനാട്)