ഹരിപ്പാട്: ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചക്കിലിക്കടവ് വേലശ്ശേരി മണ്ണേൽ സീനത്താണ് (37) മരിച്ചത്. കഴിഞ്ഞ ആറിന് തിരുവനന്തപുരം തച്ചോട്ടുകാവ് എസ്.കെ. ആശുപത്രിക്കു സമീപമുണ്ടായ അപകടത്തിലാണ് സീനത്തിന് പരിക്കേറ്റത്. ഭർത്താവ് ബിലാലിന്റെ പിന്നിലിരുന്നു യാത്ര ചെയ്യവേ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സീനത്തിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ചു. അമ്മ: സഫിയത്ത്. മക്കൾ: ഫിർദൗസ്, ഫിറോസ്, ഫിദ ഫാത്തിമ.