ആലപ്പുഴ : കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകൾ നഗരത്തിലൂടെ റൂട്ട് മാറിയോടുന്നത് യാത്രക്കാരെ വലയ്‌ക്കുന്നു. കെ.എസ്.ആർ.ടി.സി അധികൃതരും ട്രാഫിക് പൊലീസും അറിയാതെയാണ് ചില ഡ്രൈവർമാരുടെ ഈ തന്നിഷ്ടയാത്ര. നഗരത്തിലെ ചില റോഡുകൾ അടച്ചിട്ടപ്പോൾ പിച്ചു അയ്യർ ജംഗ്ഷൻ മുതൽ വൈ.എം.സി.എ ജംഗ്ഷൻ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ ഭാഗത്തെ ജോലികൾ പൂർത്തികരിച്ച് റോഡ് തുറന്നിട്ടും ഡ്രൈവർമാർ തോന്നിയ പടിയാണ് സർവ്വീസ് നടത്തുന്നത്.

തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്ന ഫാസ്റ്റ് പാസഞ്ചറുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, പിച്ചു അയ്യർ, വൈ.എം.സി.എ, ബോട്ട് ജെട്ടി വഴിയാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തേണ്ടത്. എന്നാൽ ഒട്ടുമിക്ക ബസുകളും ജനറൽ ആശുപത്രി ജംഗ്ഷനു തെക്കുഭാഗത്തു നിന്ന് തിരിഞ്ഞ് കല്ലുപാലം വഴിയാണ് സ്റ്റാൻഡിലേക്ക് എത്തുന്നത്.

പിച്ചു അയ്യർ ജംഗ്ഷനിലും ബോട്ട് ജെട്ടിയിലും ഇറങ്ങേണ്ട യാത്രക്കാർ മറ്റിടങ്ങളിൽ ഇറങ്ങി നടക്കുകയോ ഓട്ടോറിക്ഷ പിടിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. ഈ ഭാഗങ്ങളിലെ സർക്കാർ ഓഫീസുകളിലേക്കും മറ്റുമെത്തുന്ന മുതിർന്ന പൗരൻമാരാണ് ഏറെ വലയുന്നത്. റൂട്ട് മാറി ഓടുന്ന ബസുകൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്നതും ഡ്രൈവർമാർ മറക്കുന്നു.

നഗരത്തിൽ കുരുക്ക് ഉണ്ടാകാതിരിക്കാനാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് തെക്കു ഭാഗത്തേക്കുള്ള ബസുകൾ കല്ലുപാലം, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി കടത്തിവിടുന്നത്. തെക്കു നിന്നുള്ള ബസുകളും ഇതേ റൂട്ടിൽ കടന്നു വരുന്നതിനാൽ കല്ലുപാലം ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, മാവേലിക്കര, പാറശാല ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് റൂട്ട് തെറ്റിച്ച് സർവീസ് നടത്തുന്നവയിലധികവും.

' പഴയതരത്തിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി ട്രാഫിക് അഡ്വൈസറി കമ്മിറ്റി അറിയിക്കാത്തത് മൂലമാണ് റൂട്ട് മാറി സഞ്ചരിക്കുന്നത്. കമ്മിറ്റി തീരുമാനം ലഭിക്കുന്ന മുറയ്‌ക്ക് തെക്കുഭാഗത്തുനിന്ന് വരുന്ന ഫാസ്റ്റ് പാസഞ്ചറുകൾ ബോട്ട് ജെട്ടി വഴി സ്‌റ്റാൻഡിലെത്താൻ നിർദ്ദേശിക്കും.

- അശോക് കുമാർ

എ.ടി.ഒ,കെ.എസ്.ആർ.ടി.സി

.

' കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർക്ക് റൂട്ട് മാറിയോടാൻ നിർദ്ദേശം നൽകിയിട്ടില്ല. സ്വകാര്യ ബസുകളും ഇത്തരത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

- വിൻസെന്റ്, എസ്.ഐ, ട്രാഫിക് പൊലീസ്

ബസുകൾ റൂട്ടുമാറി ഓടുന്നതിനാൽ സർക്കാർ ഓഫീസുകളിലും കോടതിയിലും പോകാനായി എത്തുന്നവർ വളരെയധികം ബുദ്ധിമുട്ടുന്നു. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കണം

- എസ്. സുനിൽകുമാർ,പാസഞ്ചേഴ്സ് അസോസിയേഷൻ