photo

ചേർത്തല: സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതിയിൽ ഭക്ഷണപ്പൊതി വിതരണത്തിനായി വീടുകളിൽനിന്ന് വോളണ്ടിയർമാർ സമാഹരിച്ചത് 71,39,600 രൂപ. സി.പി.എം കേന്ദ്ര കമ്മി​റ്റിയംഗം ഡോ.ടി.എം.തോമസ് ഐസക് മേഖലാ ചുമതലക്കാരിൽ നിന്ന് തുക ഏ​റ്റുവാങ്ങി.

ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്കിലെയും മുന്നൂറിലേറെ പാവപ്പെട്ടവർക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന പദ്ധതി ശക്തിപ്പെടുത്താനാണ് ജനകീയ കാമ്പയിൻ സംഘടിപ്പിച്ചത്. വിഭവങ്ങൾ സമാഹരിച്ചും ഓർമദിനം, ആഘോഷം തുടങ്ങിയ ദിനങ്ങളിൽ സുമനസുകളുടെ സ്‌പോൺസർഷിപ്പ് സ്വീകരിച്ചുമാണ് പദ്ധതി 1500 ദിനം പിന്നിട്ടത്.

പദ്ധതി കൂടുതൽ വിപുലവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി ഒരുപൊതിച്ചോറിന്റെയെങ്കിലും തുക അഭ്യർത്ഥിച്ചാണ് പ്രവർത്തകർ വീടുകളിൽ എത്തിയത്. ആറ് ബ്രാഞ്ചു കമ്മിറ്റികൾ ഒരുലക്ഷത്തിലേറെ രൂപ സമാഹരിച്ചു. പൂച്ചാക്കൽ ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകൾ ഉൾപ്പെടെ ആയിരത്തിലേറെ ഭക്ഷണപ്പൊതിക്ക് പണം സമാഹരിച്ചു. വയോജനങ്ങളെയും കിടപ്പുരോഗികളെയും ആഴ്ചയിലൊരിക്കൽ സന്ദർശിക്കുന്ന സന്നദ്ധ സ്‌ക്വാഡ് ബ്രാഞ്ച് അടിസ്ഥാനത്തിൽ രൂപീകരിച്ച് പ്രവർത്തനം വിപുലീകരിക്കണമെന്ന് തുക ഏ​റ്റുവാങ്ങിയ ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ കെ.പ്രസാദ് അദ്ധ്യക്ഷനായി. ധനസമാഹരണത്തിൽ മികവ് പുലർത്തിയ ഘടകങ്ങളെ എ.എം.ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ എന്നിവർ അനുമോദിച്ചു. എൻ.ആർ. ബാബുരാജ്, ഷേർളി ഭാർഗവൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.രാജപ്പൻ നായർ സ്വാഗതവും സാന്ത്വനം സെക്രട്ടറി പി.എം.പ്രവീൺ നന്ദിയുംപറഞ്ഞു.

വിശപ്പുരഹിത ചേർത്തല പദ്ധതിയുടെ ജനകീയ ഐക്യദാർഢ്യ പ്രവർത്തനത്തിൽ മികവ് പുലർത്തിയ ഘടകങ്ങളെ ചടങ്ങിൽ അനുമോദിച്ചു.എക്‌സ്‌റേ, ചേർത്തല ടൗൺ ഈസ്​റ്റ്, അരൂക്കു​റ്റി എന്നിവയാണ് മികവ് പുലർത്തിയ മേഖലാ കമ്മി​റ്റികൾ. ഒരുലക്ഷത്തിലധികം തുക സമാഹരിച്ച ബ്രാഞ്ചുകളെയും അനുമോദിച്ചു.

പദ്ധതിയുടെ വിജയത്തിനായി തയ്യാറാക്കിയ വീഡിയോ ആൽബത്തിന് പാട്ടെഴുതിയ സി.പി.എം തൃച്ചാ​റ്റുകുളം ലോക്കൽ സെക്രട്ടറി ആർ.ജയചന്ദ്രനെയും ഡോ. ടി.എം.തോമസ് ഐസക് അനുമോദിച്ചു.