ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കയർ ഫാക്ടറി മേഖലയിൽ കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഇന്ന് പണിമുടക്കും. പണിമുടക്കിന്റെ ഭാഗമായി കയർ പ്രോജക്ട് ഓഫീസുകൾ,കയർ കോപറേഷൻ , കയർഫെഡ് , കയർ തൊഴിലാളി ക്ഷേമനിധി ഓഫിസ് എന്നിവയുടെ മുന്നിലേക്ക് രാവിലെ 10ന് തൊഴിലാളികൾ മാർച്ചും ധർണയും നടത്തുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ അറിയിച്ചു .കയർ കോപറേഷന്റെ മുന്നിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനും ആലപ്പുഴ കയർ പ്രോജക്ട് ഓഫീസിനു മുന്നിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും കയർഫെഡ് ഹെഡ് ഓഫീസിനുമുന്നിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. സത്യനേശനും ചേർത്തല കയർ ക്ഷേമനിധി ഓഫീസിനുമുന്നിൽ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.മോഹൻദാസും മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യും.