തുറവൂർ: വളമംഗലത്ത് പേപ്പട്ടിയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്. തുറവുർ പഞ്ചായത്ത് ഒൻപതാം വാർഡ് വളമംഗലം നെടുങ്ങാത്തറ വീട്ടിൽ പ്രദീപ് (64), കൂത്താടിയിൽ ജയ (45 ),പീടികത്തറയിൽ ഗിരിജ (60) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പേപ്പട്ടിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ടും, ഞായറാഴ്ചയുമാണ് പേപ്പട്ടി നാട്ടുകാർക്കിടയിൽ ഭീതി വിതച്ചത്. ആളുകൾക്ക് പുറമേ നിരവധി വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റു. തേവലപ്പുഴ മനയ്ക്കൽ ശീദേവിയുടെയും സുമിത്രാലയത്തിൽ മുരളീധരന്റെയും പശുക്കൾ, ചെല്ലിക്കര ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ പൂട്ടിയിട്ടിരുന്ന നാലോളം വളർത്തുനായ്ക്കൾ എന്നിവയ്ക്കു നേരെയാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. പഞ്ചായത്തിലെ മൃഗാശുപത്രിയിൽ വിവരം അറിയിച്ചെങ്കിലും കുത്തിവയ്പ്പിനുള്ള മരുന്ന് സ്റ്റോക്കില്ല എന്നാണ് ഡോക്ടർ അറിയിച്ചതെന്ന് വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർ പറഞ്ഞു.