pournami

മാന്നാർ : രോഗബാധി​തനായ അച്ഛന് ചുവരെഴുത്ത് ജോലി​യി​ൽ സഹായിയാകുകയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ. പെയിന്റിംഗ് തൊഴിലാളിയായ മാന്നാർ കുട്ടമ്പേരൂർ മുട്ടേൽ കരിയിൽ വീട്ടിൽ മണിക്കുട്ടന് (48 ) നാല് മാസങ്ങൾക്ക് മുമ്പ് പക്ഷാഘാതം വന്നതോടെ തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു​. ഇപ്പോൾ രോഗാവസ്ഥയ്ക്ക് കുറവു വന്നതോടെ ചെറിയ തോതിൽ ജോലികൾ ചെയ്തു തുടങ്ങി.

മണിക്കുട്ടൻ രോഗബാധിതനായപ്പോൾ, സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുന്ന ഭാര്യ രാജിയുടെ തുച്ഛമായ വരുമാനമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏകആശ്രയം. മൂന്ന് പെൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം വഴി​മുട്ടി​യതോടെയാണ് അസുഖം പൂർണമായും ഭേദപ്പെടുന്നതിനു മുമ്പ് തന്നെ വീണ്ടും ബ്രഷ് കൈയിലെടുക്കാൻ മണിക്കുട്ടൻ നിർബന്ധിതനായത്​.

പഴയതുപോലെ അച്ഛന് തൊഴിൽ ചെയ്യാൻ കഴിയുന്നില്ലെന്ന് മനസിലാക്കിയ രണ്ടാമത്തെ മകൾ ചെങ്ങന്നൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ പൗർണമി അവധിദിവസങ്ങളിൽ ബ്രഷുമെടുത്ത് അച്ഛനോടൊപ്പം കൂടുകയായിരുന്നു. മാന്നാറിലെ ഒരു പ്രമുഖസ്ഥാപനത്തിന്റെ ചുവരെഴുത്തിലാണ് അച്ഛനോടൊപ്പം പൗർണമി ഇപ്പോൾ. അച്ഛൻ വരച്ച് നൽകുന്ന അക്ഷരങ്ങൾക്ക് ആവശ്യമായ കളർ നൽകി മനോഹരമാക്കുന്നത് പൗർണമിയാണ്.

മൂന്നു സഹോദരിമാരും മനോഹരമായി ചിത്രങ്ങൾ വരയ്ക്കാറുണ്ട്.

ബംഗളൂരുവിൽ ഒന്നാം വർഷ ബി.എസ് സി നഴ്‌സിംഗിന് പഠിക്കുന്ന മൂത്തമകൾ നവമിയും കുന്നത്തൂർ ഗവ.യു.പി.എസിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അഷ്ടമിയും അച്ഛനെ സഹായിക്കാറുണ്ടായിരുന്നു. തി​രഞ്ഞെടുപ്പ് കാലത്ത് ബാനറുകളും മറ്റും എഴുതി അച്ഛനെ സഹായിച്ചിരുന്ന പൗർണമിയെ കാണാൻ കൊടിക്കുന്നിൽ സുരേഷ് എം.പി പാരിതോഷികവുമായി എത്തിയിരുന്നു.