
നഗരസഭാദ്ധ്യക്ഷയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
ആലപ്പുഴ: ''നിഷ്ക്കളങ്കമായി നടക്കുക. കൈയിൽ കരുതിയ ചീഞ്ഞളിഞ്ഞ മാലിന്യമടങ്ങിയ കിറ്റ് പതിയെ വഴിയിൽ തള്ളുക. ചേട്ടന് വ്യായാമവുമായി, വീട്ടിലെ വേസ്റ്റ് നാട്ടുകാർക്കുമായി. ചേട്ടൻമാരുടെ കൈകളിൽ മാലിന്യമേൽപ്പിക്കുന്ന വീട്ടുകാരിക്കും ക്ലാസ് ആവശ്യമാണ്. നല്ല പിഴ ഉറപ്പ്''.. എന്ന കുറിപ്പോടെ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. സ്റ്റേഡിയം വാർഡിൽ പൊതു സ്ഥലത്ത് മാലിന്യ നിക്ഷേപം നടത്തുന്നയാളുടെ ദൃശ്യങ്ങളാണ് തെളിവ് സഹിതം പോസ്റ്റ് ചെയ്തത്. പിറ്റേദിവസം ഈ മാലിന്യം കൈകൊണ്ട് എടുക്കേണ്ടി വരുന്ന ശുചീകരണ തൊഴിലാളി ഗണേഷാണ് വീഡിയോ പകർത്തിയത്. മാലിന്യമടങ്ങിയ കിറ്റ് റോഡിന്റെ വശത്തേക്ക് എറിഞ്ഞയുടനെ ഗണേഷ് പുറകിൽ നിന്ന് 'ചേട്ടാ' എന്ന് വിളിക്കുന്നതും, മാലിന്യമിട്ടയാൾ ഞെട്ടലോടെ തിരിഞ്ഞുനോക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സ്റ്റേഡിയത്തിൽ കാവലുള്ളതുകൊണ്ട് പുറത്തേയ്ക്കാണ് ഇപ്പോൾ മാലിന്യമേറ്. നൈറ്റ് സ്ക്വാഡ് സജീവമാണെന്നറിയാതെ എത്തുന്നവരാണ് വലയിലാകുന്നത്.
പോസ്റ്റിന് താഴെ ധാരാളം പേരാണ് വിവിധയിടങ്ങളിലെ മാലിന്യ നിക്ഷേപത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോസ്റ്റ് ചെയ്ത് പ്രതികരിച്ചിട്ടുള്ളത്.
രണ്ട് ലക്ഷം ജനങ്ങളുള്ള നഗരമാണ്. ഉത്തരവാദിത്വത്തോടെ മാലിന്യ നിർമ്മാർജ്ജനം നടത്തുന്നവരാണേറെയും. അങ്ങനെയല്ലാത്തവരെകൂടി നേർവഴിക്ക് കൊണ്ടുവരേണ്ടതുണ്ട്
- സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ