s

ആലപ്പുഴ: ജില്ലയിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചതോടെ വൈക്കോൽ ശേഖരണവും തകൃതിയായി നടക്കുന്നു. കാലവർഷം മുന്നിൽ കണ്ടാണ് വേനൽക്കാലത്തെ കുട്ടനാടൻ വൈക്കോലിന് ആവശ്യക്കാർ കൂടുതലായി എത്തുന്നത്.

ജില്ലയുടെ തെക്കൻ മേഖലയിലും പത്തനംതിട്ടയിലുള്ള ക്ഷീര കർഷകരാണ് കുട്ടനാടൻ വൈക്കോലിന്റെ ആവശ്യക്കാരിൽ കൂടുതലും. ഒരേക്കറിലെ വൈക്കോലിന് 800മുതൽ 1000രൂപ വരെ നെൽകർഷകർക്ക് നൽകണം. 20കിലോയുടെ 40കെട്ട് വൈക്കോൽ ഒരു ഏക്കറിൽ നിന്ന് ലഭിക്കും. ക്ഷീരകർഷകർ നേരിട്ട് വൈക്കോൽ വാങ്ങിയാൽ 20 കിലോക്ക് 50രൂപയും 30കിലോക്ക് 60രൂപയും കെട്ടുകൂലിയായി നൽകണം.

കാലവർഷക്കെടുതിയിൽ രണ്ടാം കൃഷി നശിച്ചതിനാൽ വൈക്കോൽ കാര്യമായി ലഭിച്ചിരുന്നില്ല. പാടശേഖരങ്ങളുടെ മദ്ധ്യഭാഗത്ത് നിന്ന് കെട്ടുകളാക്കുന്ന വൈക്കോൽ ട്രാക്ടർ ഉപയോഗിച്ചാണ് റോഡിൽ എത്തിച്ച് ലോറിയിലും ചെറിയ വാഹനങ്ങളിലും കയറ്റുന്നത്. തൊഴിലാളി ക്ഷാമവും അമിതവേതനവും കാരണമാണ് പലപ്പോഴും ക്ഷീരകർഷകർ ട്രാക്ടറിനെ ആശ്രയിക്കുന്നത്. ഒരു ഏക്കറിലെ കച്ചി റോഡരികിൽ എത്തിക്കുന്നതിന് ട്രാക്ടറിന് 1000രൂപ നൽകിയാൽമതി. കെട്ടായി കുട്ടനാട്ടിൽ നിന്ന് ശേഖരിക്കുന്ന കച്ചി ആറുമാസത്തിൽ കൂടുതൽ കേടാകാതെ സൂക്ഷിക്കാൻ കഴിയില്ല. വൈക്കോൽ ശേഖരിച്ച് സമ്പുഷ്ടീകരിച്ച് കെട്ടുകളാക്കി സൂക്ഷിക്കുന്ന പദ്ധതി സർക്കാർ ആരംഭിച്ചെങ്കിലും വിജയിച്ചില്ല.

കച്ചി വില

തമിഴ്‌നാട്ടിൽ നിന്ന് വരുന്ന കച്ചി കെട്ടിന് (രണ്ടര കിലോ) : 30 രൂപ

കുട്ടനാടൻ വൈക്കോൽ 20കിലോ കെട്ട് : 350രൂപ

30കിലോ കെട്ട്: 450രൂപ

കെട്ടുകൂലി

20കിലോ കെട്ട്: 60രൂപ

30കിലോ കെട്ട്; 70രൂപ

ഒരേക്കറിൽ നിന്ന്

 ഒരു ഏക്കറിൽ നിന്ന് ലഭിക്കുന്നത് 20കിലോ ഭാരമുള്ള 40 കെട്ട് കച്ചി

 നെൽകർഷകന് ലഭിക്കുന്നത് ഏക്കറിന് 800മുതൽ 1000രൂപവരെ രൂപ

"തമിഴ്‌നാട്, പാലക്കാട് എന്നിടങ്ങളിൽ നിന്ന് ലഭിക്കുന്ന കച്ചി അല്പം പോലും കാലികൾ നഷ്ടപ്പെടുത്തില്ല. ജില്ലയിൽ നിന്ന് വാങ്ങുന്ന കച്ചിക്ക് ഈർപ്പവും വിലയും കൂടുതലാണ്. കൂടുതൽ നാൾ ശേഖരിച്ചുവച്ചാൽ ആവിയിൽ നിന്നുള്ള ഈർപ്പത്തിൽ പൊടിഞ്ഞ് ഉപയോഗ ശൂന്യമാകും.

- രാധാകൃഷ്ണൻ, ക്ഷീരകർഷകൻ, തോട്ടപ്പള്ളി

" പാടശേഖരങ്ങളിൽ നിന്ന് പുഞ്ചകൃഷിക്ക് ലഭിക്കുന്ന വൈക്കോലിലെ ഈർപ്പത്തിന്റെ അളവ് കുറവായതിനാൽ ശേഖരിക്കാൻ നിരവധി ക്ഷീരകർഷകർ എത്തുന്നുണ്ടെങ്കിലും ന്യായമായ തുക നെൽകർഷകന് ലഭിക്കാറില്ല. 800മുതൽ 1000രൂപ വരെ ഏക്കറിന് നൽകി ശേഖരിക്കുന്ന വൈക്കോലിന് കടകളിലൂടെയുള്ള വില്പനയിലൂടെ 14,000രൂപ വരെ ഏജന്റുമാർ വാങ്ങിയെടുക്കും .

- പ്രസാദ്, നെൽകർഷകൻ, പുറക്കാട്