photo

ആലപ്പുഴ: തീരപരിപാലന നിയമത്തിന്റെ പേരിൽ കെട്ടിട നമ്പർ അനുവദിക്കാത്തതിനെത്തുടർന്ന്, നിർമ്മാണം പൂർത്തീകരിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നടത്താനാകുന്നില്ല. 1.4കോടി രൂപ ചിലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്. പാർക്കിൽ നിർമ്മിച്ച കെട്ടിടങ്ങളും കുട്ടികളുടെ വിനോദത്തിനായി നിർമ്മിച്ച ഭാഗങ്ങളും കാടുകയറിയ നിലയിലാണ്. തീരപരിപാലന അതോറിട്ടി അനുമതി നൽകാത്തതിനാലാണ് പുറക്കാട് പഞ്ചായത്ത് കെട്ടിട നമ്പർ അനുവദിക്കാത്തത്.

കെട്ടിടനമ്പർ ഇല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമായി ടൂറിസം വകുപ്പ് അധികൃതർ പറയുന്നത്. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ബീച്ചിന്റെ തെക്കേക്കരയിൽ തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ റോഡിന് സമീപമാണ് നിർമ്മാണം പൂർത്തീകരിച്ച കുട്ടികളുടെ പാർക്ക്. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് പാർക്ക് നിർമ്മിച്ചത്.

ടൂറിസം പദ്ധതികൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തീരപരിപാലന അതോറിട്ടിയുടെ പ്രത്യേക അനുമതി വാങ്ങണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇളവ് അനുവദിക്കുന്നതിനായി ഡി.ടി.പി.സി നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നതിൽ ടൂറിസം വകുപ്പ് അനാസ്ഥ കാട്ടുന്നുവെന്നും ആക്ഷേപമുണ്ട്.

അവധി ദിവസങ്ങളിൽ പാർക്കിലേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വേനലവധിക്കാലത്ത് കുട്ടികളുമായി പാർക്കിലെത്തുന്നവരുടെ എണ്ണം ഇനിയും കൂടും. കഴിഞ്ഞ പ്രളയകാലത്ത് പാർക്കിന്റെ സംരക്ഷണ ഭിത്തി കുത്തൊഴുക്കിൽ തകർന്നിരുന്നു. കൊല്ലം കെ.എം.എം.എൽ ഇപ്പോൾ പാർക്കിന് ചുറ്റും കമ്പിനെറ്റ് സ്ഥാപിച്ച് സുരക്ഷിതമാക്കി. രാത്രിയിൽ മദ്യപാനികളുടെ താവളമാണ് പാർക്ക്. മാസങ്ങൾക്കു മുമ്പ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പാർക്കിനുള്ളിലെ കാട്ടിൽ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.

പാർക്കിന്റെ നിർമ്മാണ ചിലവ് : 1.4കോടി

കാടുമൂടി കിടക്കുന്നു

 35 മീറ്റർ വീതിയിലും 80 മീറ്റർ നീളത്തിലുമാണ് പാർക്ക്

 കളിസ്ഥലം, ഷോപ്പ്, പുരുഷ വനിത ടോയ്‌ലറ്റ് എന്നിവ പൂർത്തിയാക്കി

 കെട്ടിട നമ്പർ ഇല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നില്ല

 പാർക്ക് ഇപ്പോൾ കാടുമൂട‌ി കിടക്കുന്നു

''തീരപരിപാലന നിയമത്തിന്റെ തടസം കാരണമാണ് പാർക്കിലെയും ഹൗസ്‌ബോട്ട് ടെർമിനലിന്റെയും കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കാത്തത് . കേന്ദ്രം നിയമത്തിൽ ഇളവ് വരുത്തിയെങ്കിലും ടൂറിസം വകുപ്പ് ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ല. രേഖകൾ ഹാജരാക്കിയാൽ ഉടൻ നമ്പർ അനുവദിക്കും

എ.എസ്. സുദർശനൻ, പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, പുറക്കാട്.