
ബഡ്ജറ്റിലെ സബ്സിഡി പ്രഖ്യാപനത്തിൽ പ്രതീക്ഷ
ആലപ്പുഴ: സൗരോർജ്ജത്തിന്റെ ഉപയോഗത്തിലൂടെ ഹൗസ്ബോട്ടുകളുടെ മലിനീകരണത്തോത് കുറയ്ക്കാനുള്ള പദ്ധതി ഉദ്ഘാടനത്തിൽ മാത്രമൊതുങ്ങിയെങ്കിലും സംസ്ഥാന ബഡ്ജറ്റിലെ പുത്തൻ പ്രഖ്യാപനങ്ങൾ മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. അഞ്ച് മുതൽ ആറ് കിലോ വാട്ട് ശേഷിയുള്ള സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഒരു ബോട്ടിന് പരമാവധി 35000 രൂപ സബ്സിഡി നൽകുമെന്നാണ് പ്രഖ്യാപനം. നിലവിലെ പെട്രോൾ, ഡീസൽ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, സോളാർ വൈദ്യുതിയുടെ ഉപയോഗം താരതമ്യേന ലാഭകരമാണ്. തുടർച്ചയായി ഉപയോഗിക്കാനാവില്ലെങ്കിലും, എനർജിയായി ഇൻവർട്ടറുകളിൽ ശേഖരിക്കാനും പിന്നീട് ഉപയോഗിക്കാനും സാധിക്കും. സബ്സിഡിയോടെ പദ്ധതി വീണ്ടും വരികയാണെങ്കിൽ സ്വാഗതം ചെയ്യുമെന്ന് ഹൗസ് ബോട്ട് ഉടമകൾ പറഞ്ഞു.
മലിനീകരണം കുറയ്ക്കാം
ബോട്ടുകൾ സൗരോർജ്ജത്തിലേക്ക് മാറുന്നതോടെ മലിനീകരണം കുറയ്ക്കാനും കൂടുതൽ ഊർജ്ജം ലാഭിക്കാനും സാധിക്കുമെന്നതാണ് നേട്ടം. വെളിച്ചത്തിനും താപനിയന്ത്രണത്തിനും സാധാണ ഗതിയിൽ പെട്രോൾ, ഡീസൽ ജനറേറ്ററുകളും ബാറ്ററികളുമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതു മൂലം പുറന്തള്ളുന്ന കാർബൺഡൈ ഓക്‌സൈഡിന്റെ അളവ് കുറച്ച് ഹൗസ് ബോട്ടുകളെ പരിസ്ഥിതി സൗഹൃദമാക്കാം.സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട്, എനർജി മാനേജ്‌മെന്റ് സെന്റർ, കേന്ദ്രമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡാക്ക് എന്നിവയുമായി സഹകരിച്ചാണ് പരിസ്ഥിതി സൗഹൃദ സൗരോർജ്ജ ഹൗസ് ബോട്ട് പദ്ധതിക്ക് കഴിഞ്ഞവർഷം തുടക്കം കുറിച്ചത്. എന്നാൽ ഉദ്ഘാടനം നടത്തി പോയതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട് പിന്നീട് കൂടിയാലോചനകളോ ചർച്ചകളോ നടന്നിട്ടില്ല.
ബഡ്ജറ്റ് പ്രഖ്യാപനം
ഹൗസ് ബോട്ടുകളിൽ 5 - 6 കിലോവാട്ട് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഒരു ബോട്ടിന് 35000 രൂപ സബിസിഡി
. ഹൗസ് ബോട്ടുകളിൽ സോളാൽ പാനൽ സ്ഥാപിക്കുന്നതിന് 30 ശതമാനം സബ്സിഡിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവ ഇനി പ്രോജക്ടായി രൂപീകരിച്ച് നടപ്പിലാക്കേണ്ടതുണ്ട്
-ജെ.മനോഹർ, അനർട്ട് ഇ മൊബിലിറ്റി സെൽ ഹെഡ്
സബ്സിഡി ലഭിച്ചാൽ കൂടുതൽ പേർ സൗരോർജ്ജ പദ്ധതിയിൽ കൈകോർക്കും. നിലവിലെ ഇന്ധനവിലയുമായി തട്ടിച്ചു നോക്കുമ്പോൾ സോളാർ പാനൽ ഉപയോഗിക്കുന്നത് ലാഭകരമാണ്
-രാഹുൽ രമേഷ്, ഹൗസ് ബോട്ട് ഉടമ