
ആലപ്പുഴ : ദേശീയ പാത വികസനത്തിന്റെ ഭാഗമായി തുറവൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗം ആറുവരി പാതയാക്കുന്നതിനുള്ള സ്ഥലമെടുപ്പ് മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചു. 106 ഹെക്ടർ സ്ഥലമാണ് ഇവിടെ ഏറ്റെടുക്കേണ്ടത്. ഇതിൽ കഴിഞ്ഞ പതിനൊന്ന് മാസത്തിനുള്ളിൽ ഏറ്റെടുത്തത് 35ഹെക്ടർ മാത്രം. 15ദിവസത്തിനുള്ളിൽ ശേഷിക്കുന്ന 71ഹെക്‌ടർ ഏറ്റെടുക്കണം. ചുരുങ്ങിയ ദിവസം കൊണ്ട് നൂറ് ശതമാനം സ്ഥലവും ഏറ്റെടുക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. സ്ഥലമേറ്റെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കളക്ടർ സ്ഥലം മാറിപ്പോയതു കാരണം കഴിഞ്ഞ പത്തു ദിവസമായി ജോലികൾ മന്ദഗതിയിലാണ്. 7760 ഭൂഉടമകളിൽ 3487പേർക്ക് 1200കോടി രൂപ വിതരണം ചെയ്താണ് 35 ഹെക്ടർ സ്ഥലം ഏറ്റെടുത്തത്. ശേഷിക്കുന്ന 4273 പേരുടെ ഫയൽ ഇനി തീർപ്പാക്കണം. നഷ്ടപരിഹാരം വിതരണം ചെയ്യാനായി 1600 കോടി രൂപ ഇപ്പോൾ കൈവശമുണ്ട്.
സ്പെഷ്യൽ ഡ്രൈവ്
സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമായി. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രവർത്തിക്കുന്ന മൂന്ന് സ്പെഷ്യൽ തഹസീൽദാർ ഓഫീസുകളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി വിവിധ താലൂക്ക് ഓഫീസുകളിൽ നിന്നും കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിൽ നിന്നുമായി 60 ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഇന്നലെ മുതൽ ജീവനക്കാരെ നിയമിച്ചു തുടങ്ങി. മൂന്ന് സ്പെഷ്യൽ തഹസീൽദാർ ഓഫീസുകളിലും കളക്ടറേറ്റിലെ സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടികളക്ടറുടെ ഓഫീസിലുമാണ് ജീവനക്കാരെ നിയമിക്കുന്നത്.
ആവശ്യമായ സ്ഥലം ഹെക്ടറിൽ
ആകെ വേണ്ടത്: 106
3ഡി നോട്ടീസ് പ്രസിദ്ധീകരിച്ചത്: 104
3ഡി നോട്ടീസ് പ്രസിദ്ധീകരിക്കാനുള്ളത്: 2
വില നിശ്ചയ നോട്ടീസ് പ്രസിദ്ധീകരിച്ചത്: 101
വില നിശ്ചയ നോട്ടീസ് പ്രസിദ്ധീകരിക്കാനുള്ളത്: 5
നഷ്ടപരിഹാരത്തുക നൽകിയത്: 35
നഷ്ടപരിഹാരം
ആകെ ഭൂഉടമകൾ:7760
തീർപ്പ് കല്പിച്ചത്: 3487
വിതരണം ചെയ്ത തുക: ₹1200കോടി
തീർപ്പ് കല്പിക്കാനുള്ള ഫയൽ: 4273
വിതരണം ചെയ്യാനുള്ളത്: ₹1600കോടി
"ദേശീയപാത വികസനത്തിനുള്ള മുഴുവൻ ഭൂമിയും മാർച്ച് 31ന് മുമ്പ് ഏറ്റെടുക്കാനുള്ള പരിശ്രമത്തിലാണ്. കൂടുതൽ ജീവനക്കാരെ ഇതിനായി നിയമിച്ച് സ്പെഷ്യൽ ഡ്രൈവ് നടത്തും.
-ബി. ശ്രീകുമാർ, ഡെപ്യൂട്ടി കളക്ടർ, എൻ.എച്ച് സ്ഥലം ഏറ്റെടുക്കൽ വിഭാഗം, ആലപ്പുഴ