പൂച്ചാക്കൽ: നിർമാണം ആരംഭിച്ച് 18 വർഷമായിട്ടും കരതൊടാതെ നിൽക്കുകയാണ് പള്ളിപ്പുറം വിളക്കുമരം - നെടുമ്പ്രക്കാട് പാലം.
ചേർത്തല - അരൂക്കുറ്റി റോഡിന് സമാന്തരമായി തൃച്ചാറ്റുകുളം മുതൽ നെടുമ്പ്രക്കാടു വരെ വിഭാവനം ചെയ്തിരിക്കുന്ന സമാന്തര പാതയുടെ ഭാഗമായി ചെങ്ങണ്ട തോടിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത് . പാലം യാഥാർത്ഥ്യമാകുമ്പോൾ പഴക്കമേറെയുള്ള ചെങ്ങണ്ട പാലത്തിന് ആശ്വാസമാകും. മാത്രമല്ല താലൂക്കിന്റെ വടക്കൻ മേഖലയിലുള്ളവർക്ക് വേഗത്തിൽ ചേർത്തല ടൗണിൽ എത്താനാകും.
136 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം. ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയായ പള്ളിപ്പറം, തൈക്കാട്ടുശേരി, പാണാവള്ളി , അരൂക്കുറ്റി എന്നീ പഞ്ചായത്തുകൾക്കും ഗുണകരമാകും.
പള്ളിപ്പുറം പഞ്ചായത്തിലെ ഫുഡ് പാർക്ക്, കെ.എസ്.ഐ.ഡി.സി യുടെ വിവിധ കമ്പനികൾ എന്നിവയ്ക്ക് ചരക്ക് ഗതാഗതത്തിന് റോഡ് സൗകര്യമാകും. കൂടാത നാലു പഞ്ചായത്തുകളിലെ ഇരുപത്തിയാറ് ഗ്രാമീണ റോഡുകളും മറ്റ് ഉപ റോഡുകളും ഈ പാതയിലേക്കാണ് എത്തുന്നത്.
2004 ടെൻഡർ ചെയ്ത് പാലം പണി തുടങ്ങിയതാണ്. എന്നാൽ റോഡിന് വീതി കുറവായതിനാൽ പാലം പണിക്കുള്ള സാമഗ്രികൾ എത്തിക്കാൻ പ്രയാസം വന്നതോടെ കരാറുകാരൻ പാതി വഴിക്ക് സ്ഥലം വിടുകയായിരുന്നുവത്രെ. അരൂരിൽ നിന്നും എ.എം ആരിഫും ചേർത്തലയിൽ നിന്നും പി.തിലോത്തമനും നിയമസഭയിലെത്തിയപ്പോഴാണ് വിളക്കുമരം പാലത്തിന് പിന്നീട് ജീവൻ വച്ചത്.
ഇപ്പോൾ പാലം പണി നടക്കുന്നുണ്ടെങ്കിലും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയോ ലാന്റ് അക്വിസിഷനുമായി ബന്ധപ്പെട്ട് മറ്റ് നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. പതിനൊന്ന് മീറ്റർ വീതിയിൽ പാലം നിർമ്മിക്കുന്നുണ്ടെങ്കിലും മൂന്ന് മീറ്റർ വീതി മാത്രമേ റോഡിനുള്ളൂ.
.................................................
വിളക്കുമരം പാലം അടിയന്തരമായി പൂർത്തിയാക്കണം. രണ്ടു പതിറ്റാണ്ടായി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണിത്. ചേർത്തലയുടെ വടക്കൻ മേഖലയുടെ അടിസ്ഥാന വികസനത്തിന് പാലം അത്യാവശ്യമാണ്.
ഒ.സി. വക്കച്ചൻ, ചിറ്റേഴത്ത്, ഒറ്റപ്പുന്ന
...............................................
ഒന്നര പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വിളക്ക് മരം പാലം ചർച്ചയാകുകയും പ്രഖ്യാപനങ്ങൾ നടത്തുകയും പതിവാണ്. പള്ളിപ്പുറത്തിന്റെയും സമീപ പഞ്ചായത്തുകളിലെയും വ്യവസായിക വളർച്ചയ്ക്ക് പാലം അത്യാവശ്യമാണ്. പാലം പണി പൂർത്തിയാക്കാനും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും അടിയന്തര നടപടികളാണ് ആവശ്യം.
വിജീഷ്, പള്ളിപ്പുറം
........................................................