
ആലപ്പുഴ: വേനലവധിക്കാലം കുട്ടിക്കൂട്ടത്തിന് ഇനി ആഘോഷമാക്കാം, വിജയ് പാർക്ക് പഴയ പ്രൗഡിയിൽ തിരിച്ചെത്തുകയാണ്. തുരുമ്പെടുത്തും, ഒടിഞ്ഞും നശിച്ചുകിടന്ന കളിയുപകരണങ്ങൾക്ക് പകരം പുതിയവ ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ സ്ഥാപിച്ചു. അഞ്ച് ലക്ഷം രൂപ വിലവരുന്ന എട്ട് പുത്തൻ ഇനങ്ങളാണ് കളിക്കളത്തിൽ എത്തിയിരിക്കുന്നത്. വിനോദത്തിന് വകയില്ലാതെ ബീച്ചിനോട് ചേർന്ന പാർക്കിലെ കളിയുപകരണങ്ങൾ നശിച്ചുകിടക്കുന്ന വാർത്ത കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രവർത്തന രഹിതമായി കിടക്കുന്ന ഉപകരണങ്ങൾക്ക് പകരം പുതിയവ സ്ഥാപിക്കാനുള്ള പദ്ധതിക്കും നടപടികൾക്കും ഡി.ടി.പി.സി തുടക്കം കുറിച്ചത്.
........
# അമ്യൂസ്മെന്റ് അടുത്തയാഴ്ച്ച
രണ്ട് വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന 'അമേസ് വേൾഡ്' അമ്യൂസ്മെന്റ് പാർക്ക് അടുത്തയാഴ്ച്ച പ്രവർത്തനം പുനരാരംഭിക്കും. മുനിസിപ്പൽ ലൈസൻസ് പുതുക്കി. കളിയുപകരണങ്ങളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ഇലക്ട്രിക് ട്രെയിൻ, ഇൻഡോർ ഗെയിം സോൺ, വിവിധ റൈഡുകൾ, 5 ഡി തിയേറ്റർ, എന്നിവയ്ക്കൊപ്പം ഫുട് കോർട്ടുൾപ്പടെയാണ് അമേസ് വേൾഡ് പ്രവർത്തിച്ചിരുന്നത്. വിജയ് പാർക്കിനോട് ചേർന്ന് പ്രതിമാസം അരലക്ഷം രൂപ മാസ വാടകയ്ക്കാണ് പ്രവർത്തനം.
..........
# പുത്തൻ കളിയുപകരണങ്ങൾ
ഫോർ സീറ്റർ സീ സോ, സ്പ്രിംഗ് റൈഡർ,മെറി ഗോ റൗണ്ട് ( 4 സീറ്റ്),സർക്കുലർ സ്വിംഗ്, ട്രംപോലിൻ, മെയ്സ് ക്ലൈംബർ,നെറ്റ് ക്ലൈംബർ,സ്നേക്ക് ലാഡർ.
ചെലവ്: 8 ലക്ഷം രൂപ
.....
കുട്ടികൾക്ക് വേനലവധിക്കാലം ആഘോഷമാക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. പരീക്ഷകൾ അവസാനിക്കുന്നതോടെ അമേസ് വേൾഡുൾപ്പടെ പൂർണസജ്ജമാകും
ലിജോ എബ്രഹാം
ഡി.ടി.പി.സി സെക്രട്ടറി