
തുറവൂർ: ദാരിദ്യ ലഘൂകരണത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി കുത്തിയതോട് ഗ്രാമപഞ്ചായത്തിന്റെ 2022-2023 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.233421690 രൂപ വരവും 231759000 രൂപ ചെലവും 1662690 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി.പ്രതീഷാണ് അവതരിപ്പിച്ചത്.ദാരിദ്യ ലഘൂകരണത്തിന് 6.5 കോടി രൂപയും കാർഷിക മേഖലയുടെ വികസനത്തിന് 45 ലക്ഷം രൂപയും ഭവന നിർമ്മാണത്തിന് 2 കോടി രൂപയും വകയിരുത്തി. പഞ്ചായത്തിലെ പൊതുശ്മശാനത്തിന്റെ നിർമ്മാണം, പഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരണം, പൊതു മാർക്കറ്റ് നവീകരണം, പഞ്ചായത്ത് വക എൻ.സി.സി.കവലയ്ക്ക് സമീപം ആധുനിക കെട്ടിട നിർമ്മാണം എന്നിവയ്ക്കും തുക വകയിരുത്തി. അഗതി കൾക്കും പട്ടിണിപ്പാവങ്ങൾക്കും ബഡ്ജറ്റിൽ പ്രത്യേക പരിഗണന നൽകി. യോഗത്തിൽ പ്രസിഡന്റ് പി.വത്സല അദ്ധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു ബിജു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആശാലത ,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപാ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി സി.ജെ.സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.