ph

കറ്റാനം: ജില്ല സ്കൂൾ നീന്തൽ മത്സരവേദിയാക്കാൻ നിർമ്മാണം ആരംഭിച്ച കുളം മാലിന്യ കേന്ദ്രമായി മാറുന്നു. ഭരണിക്കാവ് നാമ്പുകുളങ്ങര ജംഗ്ഷന് സമീപമുള്ള കുളമാണ് പായൽ നിറഞ്ഞ് കാട് പടിച്ചു കിടക്കുന്നത്. ഇത് കൂടാതെ രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേവും പതിവാകുകയാണ് . 2014ൽ എം.എൽ.എ ഫണ്ടിൽ നിന്നും 24 ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചത്. കരാറുകാരൻ കുളത്തിലെ ചെളി നീക്കം ചെയ്ത് പാർശ്വഭിത്തികൾ പൊളിച്ചുമാറ്റി പുതിയ ഭിത്തി നിർമ്മിക്കുന്നതിനിടെ കരാറ് ഉപേക്ഷിച്ച് പോയി. തിട്ടകൾ ഇടിഞ്ഞു താഴ്ന്നത് മൂലം സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ട്.മാവേലിക്കര താലൂക്കിൽ 50 മീറ്ററിൽ കൂടുതൽ നീളമുള്ള കുളമാണിത്. 25 വർഷത്തിലേറെയായി ജില്ല സ്കൂൾ നീന്തൽ മത്സരവേദിയായിരുന്നു ഇവിടം. തുടർന്നാണ് സ്ഥിരം മത്സരവേദി ഇവിടേയ്ക്ക് മാറ്റുവാൻ നിർമ്മാണം ആരംഭിച്ചത്.കുളം മാലിന്യ മുക്തമാക്കി പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

........

കരാറുകാരന്റെ അനാസ്ഥയായിരുന്നു പണി പൂർത്തീകരിക്കാത്തത്.ഉടൻ തന്നെ നടപടി സ്വീകരിച്ച് കുളം ഭംഗിയാക്കി നാടിന് സമർപ്പിക്കും.

കെ.ദീപ

(പ്രസിഡന്റ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്)

ജില്ലയിലെ പ്രധാനപ്പെട്ട കുളം ഇപ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുകയാണ്. വൻ മാലിന്യ നിക്ഷേപമാണ് ഇവിടെ നടക്കുന്നത്. എത്രയും വേഗം പുനരുദ്ധരിക്കണം.

അവിനാശ് ഗംഗൻ

(പൊതുപ്രവർത്തകൻ)

നാടിന്റെ ആവശ്യമാണ് ഈ കുളം. ഇതിലെ മാലിന്യ നിക്ഷേപം സമീപത്തെ കിണറുകളെയും ബാധിക്കുന്നു.

ഉഷാകുമാരി

( പൊതുപ്രവർത്തക )