cfgtfg

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്.ഷാൻ, ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസൻ കൊലപാതകക്കേസുകളിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികൾക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്ന ജാമ്യം ഇല്ലാതായി.

ഷാൻ വധക്കേസിൽ 11 പേർക്കെതിരെയാണ് ആലപ്പുഴ ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേട്ട് ( രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് ആർ.എസ്.എസ് നേതാക്കൾ ഒളിവിലാണ്. 483 പേജുകളുള്ളതാണ് കുറ്റപത്രം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി.ബെന്നിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

രൺജിത്ത് വധക്കേസിൽ 15 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെയാണ് ആലപ്പുഴ ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേട്ട് (ഒന്ന് ) കോടതിയിൽ കുറ്റപത്രം നൽകിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളായ നൈസാം, അജ്മൽ, മുഹമ്മദ് അസ്‌ലം, അബ്ദുൾ കലാം, സഫറുദ്ദീൻ, മൻഷാദ്, ജസീബ് രാജ, നവാസ്, സമീർ, നസീർ, അനൂബ്, അബ്‌ദുൾ കലാം എന്നിവർ ഉൾപ്പെടെയുള്ളവരാണ് കുറ്റപത്രത്തിലുള്ളത്. 35 പ്രതികളാണ് കേസിലുള്ളതെന്ന് 1100 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നു. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കേസുകളിൽ ബാക്കിയുള്ള പ്രതികൾക്കെതിരെ വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.