
ആലപ്പുഴ: പുതിയ വിഭവങ്ങളുടെ രുചിക്കൂട്ടുമായി ആറുനാൾ നീണ്ടുനിൽക്കുന്ന കുടുംബശ്രീയുടെ ഫുഡ് ഫെസ്റ്റായ 'കടലോരം" ഇന്ന് ആലപ്പുഴ ബീച്ചിൽ ആരംഭിക്കും. നാടൻ വിഭവങ്ങൾ മുതൽ ചൈനീസ് വിഭവങ്ങൾ വരെ നിറയുന്ന ഫെസ്റ്റ് 22ന് സമാപിക്കും. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഫെസ്റ്റിൽ ഒരു രാത്രിമുഴുവൻ വനിതകളെ മാത്രം അണിനിരത്തി പാതിരാപ്പൂരത്തിനായി വേദിയും ഒരുക്കിയിട്ടുണ്ട്. വിദേശ ഫുഡ് ഫെസ്റ്റിലടക്കം പങ്കെടുത്ത് പരിശീലനം നേടിയ ജില്ലയിലെ പത്ത് കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ തരം ഭക്ഷണങ്ങൾ ഫെസ്റ്റിൽ ലഭിക്കും. ഇതിന് പുറമേ 16 ഇ.എം യൂണിറ്റുകളുടെ നേതൃത്വത്തിൽ ആയിരത്തോളം ഉത്പന്നങ്ങൾ സംരംഭകർ വില്പനക്കായി ഒരുക്കും.
'കടലോരവും" പാതിരാപ്പൂരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 5ന് ബീച്ചിൽ നടക്കുന്ന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിക്കും. കളക്ടർ ഡോ. രേണുരാജ് ആദ്യവില്പന നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ കെ.ജി. രാജേശ്വരി, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു, ജില്ലാ പഞ്ചായത്ത് അംഗം അഞ്ജു, എ. ഷാനവാസ്, സോഫിയാ അഗസ്റ്റിൻ, ഷീലാ മോഹൻ, എം.ജി. സുരേഷ്, പി. സുനിത എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വിപുലമായ സൗകര്യങ്ങൾ
 5000 ചതുരശ്ര അടിയിലാണ് ഭക്ഷ്യമേളയുടെ വേദി
 വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ടുമണിവരെയാണ് മേള
 നാടൻ വിഭവങ്ങൾ മുതൽ ചൈനീസ് വിഭവങ്ങൾ വരെ
പാതിരാപ്പൂരം
19ന് നടക്കുന്ന പാതിരാപ്പൂരത്തിൽ വനിതകളുടെ ഫുട്ബാൾ മത്സരത്തിനും കലാവിരുന്നിനും തീരം സാക്ഷിയാകും. വൈകിട്ട് 7ന് പ്രദർശന മത്സരത്തോടെ ആരംഭിക്കുന്ന ഫുട്ബാൾ മത്സരത്തിൽ വിവിധ സി.ഡി.എസുകളിൽ നിന്നായി 28 വനിതാ ടീമുകൾ മാറ്റുരയ്ക്കും. മത്സരത്തോടൊപ്പം കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, നാടൻപാട്ടുകൾ, ചെണ്ടമേളം എന്നിവയുണ്ടാകും. രണ്ട് വർഷം മുമ്പ് ജില്ലാ മിഷൻ സംഘടിപ്പിച്ച 'അസമയത്ത് " എന്ന പരിപാടിയുടെ ചുവടുപിടിച്ചാണ് പാതിരാപ്പൂരം എന്ന് നാമകരണം ചെയ്തിട്ടുള്ളത്. 21ന് വൈകിട്ട് 4 മുതൽ 8മണിവരെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗമം നടക്കും.