
ആലപ്പുഴ: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായുള്ള മുച്ചക്ര വാഹന വിതരണം നടത്തി. ബീച്ച് വാർഡിൽ അലിക്കുഞ്ഞ്, ഇരവുകാട് വാർഡിൽ റജീന, മുല്ലാത്ത് വാർഡിൽ എലിസബത്ത്, ഷാജി, വഴിച്ചേരി വാർഡിൽ ഷീബ രാജു, ദിലീപ് ഫിലിപ്, ലജനത്ത് വാർഡിൽ കെ.കബീർ, മുനിസിപ്പൽ ഓഫീസ് വാർഡിൽ അനിൽഷാ എന്നിവർക്കാണ് വാഹനം നൽകിയത്. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്‌സൺ സൗമ്യരാജ് വിതരണോദ്ഘാടനം നടത്തി. ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ് സ്വാഗതം പറഞ്ഞു. സി.ഡി.പി.ഒ ഷേർളി പദ്ധതി വിശദീകരിച്ചു.