ആലപ്പുഴ: മാനസികാസ്വാസ്ഥ്യം കാരണം അയൽവാസികൾക്കെതിരെ പൊലീസിന് പരാതി അയയ്ക്കുന്ന സ്ത്രീയെയും കൂടെ താമസിക്കുന്ന സഹോദരിയെയും സൈക്കോ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് പുനരധിവസിപ്പിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി. അയൽവാസിയിൽ നിന്നുള്ള മാനസിക പീഡനത്തിനെതിരെ കായംകുളം ഗോവിന്ദമുട്ടം സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. ജില്ലാ വനിതാ ശിശുവികസന ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കിടയാക്കിയ സംഭവം യാഥാർത്ഥ്യമാണെന്നും മൂന്ന് സ്ത്രീകൾ താമസിക്കുന്ന വീട്ടിലെ രണ്ടുപേരാണ് പരാതിക്കാരിക്കും കുടുംബത്തിനുമെതിരെ കള്ളപ്പരാതികൾ നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അസുഖമുള്ളവരെ പുനരധിവസിപ്പിക്കാൻ പൊലീസ്, പഞ്ചായത്ത്, പട്ടികജാതി, വനിതാ ശിശുവികസനം, ആരോഗ്യം, ജില്ലാ ഭരണകൂടം എന്നിവരുടെ സഹായം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു .