
മാന്നാർ: അപ്പർകുട്ടനാടിന്റെ നെല്ലറയായ ചെന്നിത്തല, മാന്നാർ പാടശേഖരങ്ങളിൽ വരിനെല്ല് ശല്യം കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചെന്നിത്തല ഒന്ന് മുതൽ 12 വരെയുള്ള ബ്ലോക്ക് പാടശേഖരങ്ങളിലും മാന്നാർ കുരട്ടിശ്ശേരി പാടശേഖരത്തിലെ കുടവെളളാരി എ, ബി,ഇടപുഞ്ച പടിഞ്ഞാറ്, കിഴക്ക് എന്നിവിടങ്ങളിലും കുരട്ടിശ്ശേരി കോയിക്കപ്പള്ളം പാടശേഖരത്തിലുമാണ് വ്യാപകമായി വരിനെല്ലു വളർന്ന് പൂത്ത് നിൽക്കുന്നത്. ചെന്നിത്തല രണ്ടാം ബ്ലോക്കിൽ 260 ഏക്കറിലും, മൂന്നാം ബ്ലോക്കിൽ 270 ഏക്കറിലും 45 ദിവസം മുതൽ 60 ദിവസം വരെ പ്രായമായ നെൽച്ചെടികൾക്ക് മുകളിലായിട്ടാണ് വരിനെല്ല് വളർന്നത്. ഭൂരിഭാഗം പാടശേഖരങ്ങളിലും നിലമൊരുക്കലിനു മുമ്പ് വരിനശിപ്പിക്കുന്നതിനുള്ള ജോലി ചെയ്തതാണെന്നു കർഷകൻ വിനോദ് അപ്സര പറഞ്ഞു. നെൽചെടി വളർന്ന ശേഷമാണ് ഇവ വീണ്ടും കിളിർത്തതും നെല്ലിനു ഭീഷണിയായതും. സ്ത്രീ തൊഴിലാളികളും അതിഥി തൊഴിലാളികളും വീണ്ടും പാടത്ത് ഇറങ്ങി വരിനെല്ലുകൾ നീക്കംചെയ്യാൻ ശ്രമിക്കുകയാണ്. ഇത് കാരണമായി കൃഷിച്ചെലവ് കൂടുകയും വിളവ്കുറയുകയും ചെയ്യുന്നത് കൃഷി വൻ നഷ്ടത്തിലാക്കുമെന്നു കർഷകർ പറയുന്നു.