ഹരിപ്പാട്: ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ കേന്ദ്രസർക്കാർ നിർത്തലാക്കുവാൻ തീരുമാനിച്ച ചേപ്പാട് എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം തൽസ്ഥിതി തുടരുവാൻ രമേശ് ചെന്നിത്തല എം.എൽ.എ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌കൂൾ പ്രവേശനം തുടരുവാൻ ഉത്തരവായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. പി.ടി.എയുടെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും വിവിധ സമരപരിപാടികൾ സ്‌കൂൾ നിർത്തലാക്കുന്നതിനെതിരെ സംഘടിപ്പിച്ചിരുന്നു. താൻ നടത്തിയ നിയമയുദ്ധം വിജയിച്ചതിൽ ജനപ്രതിനിധി എന്ന നിലയിൽ വളരെയധികം സന്തോഷമുണ്ട്. സ്‌കൂൾ നിർത്തലാക്കുവാനുളള നടപടി യാതൊരു കാരണവശാലും നടപ്പിലാക്കില്ലെന്നും അതിനായി ഏത് അറ്റം വരെയും മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. കെവി പേരന്റ്സ് അസോസിയേഷൻ ചെയർമാൻ അഡ്വ.വി.ഷുക്കൂർ, കെകെസുരേന്ദ്രനാഥ്, എസ്.രാജേന്ദ്രക്കുറുപ്പ്, എസ്.ദീപു, കെ.എസ് ഹരികൃഷ്ണൻ എന്നിവർ രമേശ് ചെന്നിത്തലയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.