photo

ചേർത്തല: ഇരുട്ടിലായ മുഹമ്മ ജംഗ്ഷനിൽ വഴിവിളക്കുകൾ തെളിഞ്ഞു.കേരളകൗമുദി വാർത്തയെ തുടർന്ന് മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്റെ ഇടപെടലിലാണ് പ്രദേശവാസികളുടെ പ്രശ്നത്തിന് അടിയന്തര പരിഹാരമായത്. ബുധനാഴ്ച ഉച്ചയോടെ അധികൃതർ എത്തി ലൈറ്റുകൾ സ്ഥാപിച്ചു. രണ്ടാഴ്ചയിലധികമായി പൂർണമായി ഇരുട്ടിലായതോടെ കവല തിരിച്ചറിയാൻ കഴിയാതെ രാത്രികാലങ്ങളിൽ അപകടങ്ങൾ നിത്യസംഭവമായിരുന്നു.വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സോഡിയം ലാമ്പ് അണഞ്ഞതോടെയാണ് വാഹനയാത്രക്കാർ ദുരിതത്തിലായത്. ഇരു ചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെട്ടിരുന്നത്. മുഹമ്മ ജംഗ്ഷന് 50 മീറ്റർ കിഴക്ക് മുഹമ്മ ബസ് സ്​റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈ​റ്റ് കണ്ട് ജംഗ്ഷനാണെന്ന് കരുതി കഞ്ഞിക്കുഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സ്റ്റേറ്റ് ഹൈവേയെ മുറിച്ചു കടന്ന് പോകുന്നത് നിരന്തരം അപകടം ഉണ്ടാക്കിയിരുന്നു.രാത്രി കച്ചവട സ്ഥാപനങ്ങൾ അടക്കുന്നതോടെ കവല പൂർണമായും ഇരുട്ടിലാകുന്നതോടെ അപകടത്തിന്റെ തോത് വർദ്ധിച്ചിരുന്നു. മുഹമ്മ പൊലീസിന്റെ നിയന്ത്റണത്തിൽ ഇവിടെ കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും രാത്രിയിൽ വെളിച്ചമില്ലാത്തത് ഇവയുടെ പ്രവർത്തനത്തിനും തടസമായിരുന്നു. പ്രതിഷേധവുമായി പ്രദേശവാസികളും മുഹമ്മ അരങ്ങും രംഗത്ത് എത്തിയിരുന്നു. തുടർന്നാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. അപകടങ്ങൾ ഒഴിവാക്കാൻ ബ്ലിങ്കർ ലൈ​റ്റുകളും സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉയർത്തിയിരുന്നു. ഇതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗമാണ് തീരുമാനമെടുക്കേണ്ടത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.