അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറി 27 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30ക്ക് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടേയും പുതുമന മധുസൂദനൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. രാജാക്കന്മാർ ഉത്സവത്തിന് തിട്ടപ്പെടുത്തിയ ഏഴ് ഉത്സവബലി, പന്ത്രണ്ട് ശ്രീഭൂതബലി, എട്ട് വേല, എട്ട് സേവ, എട്ട് വിളക്ക് എഴുന്നള്ളിപ്പുകൾ, ആറ് കഥകളി തുടങ്ങി മുളയറ ഭഗവതിക്ക് വേണ്ടി നടത്തുന്ന പടയണിയും അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തത്തിന്റെ പ്രത്യേകതകളാണ്. ഉത്സവത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഒൻപതാം ഉത്സവനാളിലെ നാടകശാല സദ്യ ചരിത്രപ്രസിദ്ധമാണ്. ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് നാടകശാല സദ്യ നടക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാടകശാല സദ്യയിൽ പങ്കാളികളാകാൻ ഭക്തർ എത്താറുണ്ട്. കേരളത്തിലെ ശ്രീകൃഷ്ണ ഭഗവാന്റെ അഞ്ചു മഹാക്ഷേത്രങ്ങളിൽ ഒന്നാണ് ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം.