ndn

ഹരിപ്പാട്: തീരദേശ മേഖലയായ ആറാട്ടുപുഴയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് വലയുന്നത്. കൊച്ചിയുടെ ജെട്ടി വാർഡിന്റെ തീര പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് വഴി നടക്കുവാനോ വളർത്തുമൃഗങ്ങളെ വളർത്തുവാനോ കഴിയാത്ത സ്ഥിതിയാണ്. സ്കൂൾ വിദ്യാർത്ഥികളും നായ്ക്കളുടെ ഭീഷണി കൂടുതൽ നേരിടുന്നത്. വിദ്യാർത്ഥികൾ പേടിയോടെയാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്. ഏത് സമയവും നായ കൂട്ടം ചാടി വീഴാമെന്ന സ്ഥിതിയാണ്. ആഹാരം ലഭിക്കാതെ കിടക്കുന്ന നായ കൂട്ടം വളർത്തു പക്ഷി മൃഗാദികളെയും ആക്രമിച്ചു ഭക്ഷണം ആക്കുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ ആറാട്ടുപുഴ പഞ്ചായത്ത്‌ വാർഡ് അഞ്ചിൽ ക്ഷീര കർഷകനായ സജീവ് ഭവനത്തിൽ സജീവിന്റെ പശു കിടാവിനെ നായ കൂട്ടം കടിച്ചു കൊന്നു. ഇതേ കർഷകന്റെ ആടിനെയും കഴിഞ്ഞ ആഴ്ച നായ ആക്രമിച്ചു കൊന്നിരുന്നു. കൂട്ടമായി എത്തുന്ന നായ്ക്കളെ നാട്ടുകാർക്കും ഓടിച്ചു വിടുവാനോ നേരിടുവാനോ കഴിയാത്ത സ്ഥിതിയാണ്. മനുഷ്യന് നേരെയും ഓടി അടുക്കുന്ന ഇവ വലിയ ഭീഷണിയാണ്. കഴിഞ്ഞ മാസം രാമഞ്ചേരിയിൽ ഏഴ് വയസുകാരിയെ ഉൾപ്പടെ രണ്ടു പേരെ തെരുവ് നായ്ക്കൾ അക്രമിച്ചിരുന്നു.തെരുവ് നായകളെ വന്ധ്യംകരണം ചെയ്യുന്നതിനും തെരുവ് വിളക്കുകൾ പ്രകാശപ്പിക്കുന്നതിനും പഞ്ചായത്ത്‌ സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

........

'' മൃഗസംരക്ഷണ വകുപ്പ് തെരുവ് നായ്ക്കളുടെ ആക്രമണം മൂലം നഷ്ടം സംഭവിക്കുന്നവർക്ക് നഷ്ട പരിഹാരം നൽകണം.

ടി.പി അനിൽകുമാർ, വാർഡ് മെമ്പർ

......

''അക്രമകാരികളായ തെരുവ് നായകളുടെ ശല്യം കാരണം പേടിച്ചാണ് പുറത്ത് ഇറങ്ങുന്നത്. ഇവയെ പിടികൂടി നാട്ടുകാർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള നടപടി പഞ്ചായത്ത്‌ അധികൃതർ സ്വീകരിക്കണം .

കണ്ണൻ ,പ്രദേശവാസി