ഹരിപ്പാട്: കൂടുതൽ തൊഴിൽ സംരഭങ്ങൾ തുടങ്ങുന്നതോടെ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയും ആടു ഗ്രാമംപദ്ധതിയും നടപ്പാക്കുമെന്ന് വീയപുരം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. പായിപ്പാട് പവലിയനും, മുണ്ടാറും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കും. വനിതകൾക്ക് ഓട്ടോഡ്രൈവിംഗ്, ഹരിതകർമ്മ സേനക്ക് ഇലക്ട്രിക് ഓട്ടോ, വഴിയോരങ്ങൾ സൗന്ദര്യവത്ക്കരിക്കും, കാർഷികമേഖലയിൽ നൂതനപദ്ധതികൾ ആവീഷ്‌ക്കരിക്കും തുടങ്ങിയവയാണ് ബഡ്ജറ്റിലെ പ്രധാന വാഗ്ദാനങ്ങൾ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ് ബഡ്ജറ്റ് അവതരിപ്പിച്ചു. 2024ഓടെ സമ്പൂർണ്ണ കുടിവെള്ളപദ്ധതി നടപ്പാക്കും. വീയപുരം കുടംപുളി എന്ന പേരിൽ ശുദ്ധമായകുടംപുളി വിപണിയിലിറക്കും. കുടുംബശ്രീ യുമായി സഹകരിച്ച് സംരംഭങ്ങൾ തുടങ്ങും. വിദ്യാഭ്യാസം,ആരോഗ്യം, മൃഗസംരക്ഷണം,എന്നിവയക്ക് പ്രത്യേകം പദ്ധതികളും, വികലാംഗർ,വൃദ്ധർ,രോഗികൾ എന്നിവരുടെ സംരക്ഷണത്തിനുള്ള പദ്ധതികളും നടപ്പാക്കും.കായികതാരങ്ങൾക്ക് പരിശീലനത്തിനുവേണ്ടി സ്‌കൂൾ ഗ്രൗണ്ടുകൾ സജ്ജമാക്കും. ആകെവരവ് 15.49കോടിരൂപയും,ആകെ ചെലവ് 15.42 കോടിരൂപയും 6.9 ലക്ഷംരൂപമിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.പ്രസിഡന്റ് ഷീജ സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.