ചേർത്തല:താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിന്റെതുൾപ്പെടെ പ്രവർത്തനങ്ങൾ ജനോപകാരപ്രദമായ രീതിയിൽ കുറ്റമറ്റതാക്കാൻ ഇടപെടലുകൾ ശക്തമാക്കി നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭാ നേതൃത്വവും ആശുപത്രി വുകപ്പുമേധാവികളും സൂപ്രണ്ടുമടക്കം രണ്ടാഴ്ച കൂടുമ്പോൾ അവലോകനയോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്താൻ സംയുക്ത യോഗം തീരുമാനിച്ചു.ആശുപത്രിയിലെ ശസ്ത്രക്രിയാ പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ മേജർ ഓപറേഷൻ തിയറ്ററിലെ അറ്റകുറ്റപണികൾ തുടങ്ങി.31നു മുമ്പായി പ്രവർത്തനം പൂർത്തിയാക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനൊപ്പം ആശുപത്രിക്ക് കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 50 കോടിയുടെ നിർമ്മാണ പ്രവർത്തികൾ ത്വരിത ഗതിയിലാക്കാൻ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് അവലോകനയോഗം തീരുമാനിച്ചു.എക്‌സറേ യൂണിറ്റിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ജലസംഭരണികളുടെ ശുചീകരണം കാര്യക്ഷമമാക്കുന്നതിനും തീരുമാനമായി.ചെയർപേഴ്‌സൺ ഷേർളിഭാർഗവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എസ്.സാബു,ലിസി ടോമി, ജി.രഞ്ജിത്ത്,മുനിസിപ്പൽ സെക്രട്ടറി ടി.കെ.സുജിത്ത്,വാർഡ് കൗൺസിലർ രാജശ്രീ,സൂപ്രണ്ട് ഡോ.എൻ.അനിൽ കുമാർ,ആർ.എം.ഒ ഡോ.ഡീവർ പ്രഹ്ലാദ് അടക്കമുള്ള ഡോക്ടർമാർ, വിവിധ വകുപ്പു മേധാവികൾ, നഴ്‌സിംഗ് സൂപ്രണ്ട് ,ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
.......
# പ്രതിദിനം 12 രോഗികൾ
ഡയാലിസിസ് യൂണിറ്റിൽ പുതുതായി അനുവദിച്ചിട്ടുളള അഞ്ചുമെഷീൻ കൂടി അടിയന്തിരമായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു. ഇതുവഴി 12 രോഗികൾക്ക് കൂടി പ്രതിദിനം ഡയാലിസിസ് സൗകര്യമൊരുക്കാനാണു ലക്ഷ്യമിടുന്നത്.ഡയാലിസിസ് ടെക്‌നീഷ്യൻമാരുടെ കുറവു പരിഹരിക്കുന്നതിനു എൻ.എച്ച്.എം സഹായം തേടുന്നുണ്ട്.നിലവിൽ ആറു മെഷിനുകളിൽ മൂന്നു ഷിഫ്റ്റായി പ്രതിദിനം 12 രോഗികൾക്കാണ് ഡയാലിസിസ് നടത്തുന്നത്.പ്രവർത്തനം നാല് ഷിഫ്റ്റാക്കും.