mannar-108-ambulance

മാന്നാർ : രോഗികളെ കൊണ്ടുപോകാൻ ആംബുലൻസ് ഇല്ലാതെ മാന്നാർ നിവാസികൾ വലയുന്നു. കൊവിഡ് ഡ്യൂട്ടിക്കായി ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം 2020 മേയ്11 ന് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് വിട്ടുനൽകിയ മാന്നാർ കേന്ദ്രീകരിച്ച് കിടന്ന 108 ആംബുലൻസ് രണ്ടുവർഷമായിട്ടും മാന്നാറിൽ തിരികെ ലഭ്യമായിട്ടില്ല. മുതുകുളം ബ്ലോക്ക്പഞ്ചായത്തിന്റെ പരിധിയിലുള്ള രോഗികളെ ആശുപത്രികളിലേക്കും മറ്റും എത്തിക്കാനാണു ഈ ആംബുലൻസ് സേവനം നടത്തിയിരുന്നത്. 2022 ജനുവരി 6 ന് ആലപ്പുഴ ജില്ലാആശുപത്രിയിലേക്ക് മാറ്റപ്പെട്ട ആംബുലൻസ് കൊവിഡ് കേസുകൾ കുറഞ്ഞതോടെ ,ആശുപത്രി വളപ്പിൽ വിശ്രമത്തിലാണ്. ജില്ലാ ആശുപത്രിയിൽ മറ്റൊരു 108 ആംബുലൻസും നിലവിലുണ്ട്.12 മണിക്കൂറും 24 മണിക്കൂറും സേവനംനടത്തുന്ന ഒമ്പതുവീതം ആകെ 18 ആംബുലൻസുകളാണ് ജില്ലയിൽ ളള്ളത്. മന്നാറിലേത് 12 മണിക്കൂർ സേവനം നടത്തുന്നതാണ് .കൊവിഡ് ഡ്യൂട്ടിക്കായി മാറ്റപ്പെട്ട ആംബുലൻസുകളെല്ലാം അതാത് ലൊക്കേഷനുകളിൽ തിരികെ എത്തിയെങ്കിലും മാന്നാറിലേതുമാത്രം ജില്ലാ ആസ്ഥാനത്ത് വിശ്രമിക്കുകയാണ്.

...........

# അനുമതി ലഭ്യമായിട്ടില്ല

ജി.വി.കെ ഇ.എം.ആർ.ഐ എന്ന കമ്പനിക്കാണ് 108 ആംബുലൻസുകളുടെ കരാർ നൽകിയിരിക്കുന്നത്. ജില്ലാമെഡിക്കൽ ഓഫീസറുടെ അനുമതി ലഭിച്ചാൽമാത്രമേ ആംബുലൻസിനു മാന്നാറിലേക്ക് തിരികയെത്താൻ കഴിയൂ എന്നാണു കരാർകമ്പനി പറയുന്നത്. 2011 ലാണ് ജില്ലയിൽ 108 ആംബുലൻസ് സേവനം തുടക്കംകുറിച്ചത്.

........

'' അപകടങ്ങൾ തുടർക്കഥയാവുന്ന മാന്നാറിൽ ആംബുലൻസിന്റെ അഭാവംമൂലം അപകടങ്ങളിൽപെടുന്നവരെ തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വരുന്നു. അടിയന്തരമായി നടപടിയുണ്ടാകാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകും.
(ഹരികുട്ടംപേരൂർ, കോൺഗ്രസ് മണ്ഡലംപ്രസിഡന്റ്)

'' കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് മാന്നാറിലെ 108 ആംബുലൻസിന്റെ സേവനം ഇവിടെ നിന്നും മാറ്റിയത്. കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ തിരികെയെത്തിച്ചാൽ മാന്നാറിനു ഗുണകരമാകും.
(അഭിലാഷ് മാന്നാർ, സാമൂഹ്യ പ്രവർത്തകൻ)

'' കേന്ദ്രീകൃത ക്രമീകരണത്തിലാണ് 108 ആംബുലൻസുകളുടെ പ്രവർത്തനം. വിളിച്ചാൽ ആംബുലൻസ് സേവനം ഇപ്പോഴും മാന്നാറിൽ ലഭ്യമാണ്. മാന്നാറിൽ 108 ആംബുലൻസ് കിടന്നാലും ആവശ്യത്തിന് വരിക ചിലപ്പോൾ മറ്റുലൊക്കേഷനുകളിൽ നിന്നുമായിരിക്കും. മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിനു സ്വന്തമായി ആംബുലൻസ് സംവിധാനം മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ ഉടൻതന്നെ സാദ്ധ്യമാകും.ആംബുലൻസിന്റെ പരിപാലനം തദ്ദേശസ്വയംഭരണ സ്ഥാപനം ഏറ്റെടുക്കാനുള്ള നടപടികൾ മാത്രമാണ് ബാക്കിയായിട്ടുള്ളത്.
ഡോ.സാബു സുഗതൻ,മെഡിക്കൽ സൂപ്രണ്ട്, മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം)