ആലപ്പുഴ: എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി പമ്പാനദിയിൽ ദേശീയ ജലപാതയ്ക്ക് കുറുകെ പുനർനിർമ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പുതിയ ഡിസൈൻ തയ്യാറാക്കി അധികൃതർ. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ ഡിസൈൻ ദേശീയ ജലപാത അതോറിട്ടിയുടെ അനുമതിക്കായി സമർപ്പിച്ചു. അനുമതി നൽകുന്നതിന്റെ ഭാഗമായി ദേശീയ ജലപാത സംസ്ഥാന മേധാവി മാത്യു ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പള്ളാത്തുരുത്തിയിൽ സന്ദർശനം നടത്തി. പരിശോധന റിപ്പോർട്ട് കേന്ദ്ര ഓഫീസിൽ സമർപ്പിച്ച ശേഷം പാലത്തിന്റെ വിശദമായ രൂപ രേഖ കൈമാറും. ഇതിന് ശേഷമേ അനുമതി ലഭിക്കുകയുള്ളു. പള്ളാത്തുരുത്തിയിൽ പുതിയ പാലം നിർമ്മിക്കുന്നതിനായി കഴിഞ്ഞ മാസം പൈലിംഗ് ജോലികൾ ആരംഭിച്ചെങ്കിലും ദേശീയജലപാത അതോറിട്ടിയുടെ ചട്ടം ലംഘിച്ചുള്ള നിർമ്മാണമായതിൽ നിറുത്തിവയ്‌ക്കേണ്ടി വന്നു. നിലവിലെ പാലത്തിന് സമാന്തരവായി അതേ നീളത്തിലും വീതിയിലും പാലം നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ ഡിസൈന്റെ അടിസ്ഥാനത്തിലാണ് പൈലിംഗ് ജോലികൾ തുടങ്ങിയത്. എന്നാൽ ദേശീയ ജലപാതയ്ക്ക് കുറുകേയുള്ള നിർമ്മാണ ജോലികൾ നടത്തുമ്പോൾ ഉൾനാടൻ ജലപാത അതോറിട്ടിയുടെ അനുമതി വാങ്ങണമെന്നത് പാലിച്ചില്ല. രണ്ട് ബാർജുകൾ ഒരസമയം കടന്നു പോകാനുള്ള വീതിയിൽ പാലത്തിന്റെ തൂണുകൾ തമ്മിലുള്ള അകലം ക്രമീകരിച്ചാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ അപ്രോച്ച് റോഡിന്റെയും സമീപപാതയുടെയും ഉയരവും കൂട്ടിയാവും നിർമ്മാണം. ഇപ്പോഴത്തെ പാലത്തിന്റെ രണ്ട് തൂണുകൾ തമ്മിലുള്ള അകലം 29 മീറ്ററാണ്. നിലവിലെ നിയമപ്രകാരം തൂണുകൾ തമ്മിലുള്ള അകലം 40 മീറ്റർ വേണം. പ്രളയകാലത്തെ ജലനിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരവും ഉണ്ടാകണം.

.........

''പുതിയ ഡിസൈന് ദേശീയ ജലപാത അതോറിട്ടിയുടെ അനുമതി ലഭിച്ചാൽ ഉടൻ പള്ളാത്തുരുത്തിയിൽ പൈലിംഗ് ജോലികൾ പുനരാരംഭിക്കും.

അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്