ആലപ്പുഴ: ജില്ലയിൽ 2018ലെ പ്രളയദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്കായി സഹകരണ വകുപ്പ് നടപ്പാക്കിയ കെയർ ഹോം പദ്ധതിയുടെ ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനവും വീടുകളുടെ താക്കോൽദാനവും 22ന് നടക്കും. ഉച്ചയ്ക്ക് 12.30ന് ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ കർമ്മസദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. പുന്നമട കായൽ പ്രദേശത്ത് നിർമിച്ച 11 വീടുകളുടെ താക്കോലുകൾ കൈമാറും. ഈ വീടുകളുടെ നിർമാണത്തിന് നേതൃത്വം നൽകിയ എസ്.എൽ പുരം സർവീസ് സഹകരണ ബാങ്കിനെ മന്ത്രി പി. പ്രസാദ് ആദരിക്കും. കെയർ ഗ്രേസ് ഗൃഹോപകരണങ്ങളുടെ വിതരണം എ.എം. ആരിഫ് എം.പിയും മെഡിക്കൽ കിറ്റ് വിതരണം പി.പി. ചിത്തരഞ്ജൻ എം.എൽ.എയും നിർവഹിക്കും. എച്ച്. സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ ഡോ. രേണു രാജ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.