photo

ചേർത്തല: ആരോരുമില്ലാത്തവർക്കായി എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് യൂണിയന്റെ സ്‌നേഹസ്പർശം. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന് കിഴിലുള്ള യൂത്ത് മൂവ്‌മെന്റ് വോളണ്ടിയർമാരാണ് തെരുവോരങ്ങളിലും അഗതിമന്ദിരങ്ങളിലും ആതുരാലയങ്ങളിലുമുള്ളവർക്കായി ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചത്.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ധന്യസാരഥ്യത്തിന്റെ രജതജൂബിലി ജീവകാരുണ്യ പദ്ധതിയാണ് യൂത്ത്മൂവ്മെന്റ് നടപ്പാക്കുന്നത്. എല്ലാ മാസവും ചതയദിനത്തിലാണ് ഭക്ഷണപ്പൊതി വിതരണം ചെയ്യുക.തുടക്കത്തിൽ മുന്നൂറോളം പേർക്കാണ് ഭക്ഷണമെത്തിക്കുക. പിന്നീട് കൂടുതൽ പേരിലേയ്ക്ക് ഈ കാരുണ്യസ്പർശം കടന്ന് ചെല്ലുമെന്ന് യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി. അനിയപ്പൻ പറഞ്ഞു. അന്നദാന പദ്ധതിയുടെ ഉദ്ഘാടനം എസ്.എൻ.ട്രസ്​റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ചേർത്തല മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവന് ഭക്ഷണ പൊതി കൈമാറി നിർവഹിച്ചു. കൗൺസിലർ പി.ടി മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ,സന്തോഷ് ശാന്തി എന്നിവർ സംസാരിച്ചു. ചേർത്തല ഗ്രീൻഗാർഡൻസ് ലെപ്രസി, ചാലിപ്പളളി ലിസ്യൂഭവൻ, ചേർത്തല താലൂക്കാശുപത്രി ,തുറവൂർ താലൂക്കാശുപത്രി തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമെ തെരുവോരങ്ങളിലും അന്നദാനവിതരണം നടത്തി. താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന അന്നദാനവിതരണത്തിന് യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്,സെക്രട്ടറി അജയൻ പറയകാട്,യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം കെ.എം.മണിലാൽ,കൗൺസിൽ അംഗങ്ങളായ ബിജു ഗോകുലം, ഷിബു വയലാർ,ശ്യാംകുമാർ, പ്രിൻസ്‌മോൻ,രതീഷ് കോലോത്ത് വെളി,വിനേഷ് മഠത്തിൽ, ഷാബുഗോപാൽ, രാജേഷ് വയലാർ,സൈജു വട്ടക്കര,ഷിജു പെരുമ്പളം എന്നിവർ നേതൃത്വം നൽകി.