10 കിടക്കകളുള്ള സംവിധാനം ഏപ്രിൽ മാസത്തോടെ സജ്ജമാകും

ചേർത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പുതിയ അത്യാഹിത വിഭാഗത്തിന് അനുമതി. 10 കിടക്കകളുള്ള സംവിധാനം ഏപ്രിൽ മാസത്തോടെ സജ്ജമാകും.ദേശീ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടുപയോഗിച്ച് എല്ലാ ആധുനിക സംവിധാനങ്ങളുമുൾപെടുന്ന 10 കിടക്കകളാണ് സജ്ജീകരിക്കുന്നത്.നിലവിൽ ആശുപത്രിയിൽ ഗൈനക്ക് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സംവിധാനം ഒരുക്കുന്നത്. 16 ലക്ഷത്തോളം വിലവരുന്ന കിടക്കകളാണ് അത്യാഹിത വിഭാഗത്തിൽ സജ്ജീകരിക്കുന്നത്.ഇതിൽ രണ്ടെണ്ണം കുട്ടികളുടെ ചികിത്സക്കായായി മാറ്റും.നിലവിൽ താഴെ പ്രവേശന കവാടത്തിനടുത്ത് പ്രവർത്തിക്കുന്ന സ്ഥിരം അത്യാഹിതത്തിന് പുറമെയാണ് പുതിയ സംവിധാനം.
പ്രതിദിനം 1200ത്തോളം പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ അത്യാഹിതത്തിലെത്തുന്ന ഭൂരിഭാഗം പേരെയും മെഡിക്കൽ കോളേജുകളിലേക്ക് റെഫർ ചെയ്യുന്നതായ വിമർശനങ്ങൾ ഉയർന്നിരുന്നു. ജില്ലയിൽ രണ്ടു ആശുപത്രിക്കാണ് പുതിയ സംവിധാനം അനുവദിച്ചിരിക്കുന്നത്.കിഫ്ബി ഫണ്ടിൽ നിന്നുള്ള 60 കോടി മുടക്കിയുള്ള പുതിയ ആശുപത്രി മന്ദിരം പൂർത്തിയാകുന്നതോടെ ഇതു കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാനാകുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 31ന് മുമ്പ് പദ്ധതി പൂർത്തിയാക്കാനാണ് നിർദ്ദേശമെങ്കിലും ഇത് ഒരുമാസം കൂടി നീട്ടിനൽകിയിട്ടുണ്ട്.

........

# രോഗികൾക്ക് ആശ്വാസം

പുതിയതായി ആരംഭിക്കുന്ന അത്യാഹിത വിഭാഗം ആശുപത്രിയിലെത്തുന്ന രോഗികൾക്ക് വലിയ ആശ്വാസമാകും.നിലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജുകളിലും ലഭിക്കുന്ന സംവിധാനമാണ് ഇവിടെ സജ്ജമാകുന്നത്.
ഡോ.ഡീവർ പ്രഹ്ലാദ്
ആർ.എം.ഒ, ചേർത്തല താലൂക്ക് ആശുപത്രി