ആലപ്പുഴ: സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലീവ് സറണ്ടർ അനുവദിക്കാൻ ഇടതു സർക്കാർ തയ്യാറാകണമെന്ന് കേരള എൻ.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കരുമാടി ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ. സംഘ് കുട്ടനാട് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം ദ്വിദിന പണിമുടക്കിൽ പങ്കെടുക്കുന്ന ഇടതു സർവീസ് സംഘടനകൾ ലീവ് സറണ്ടർ ഇല്ലാതാക്കിയ പിണറായി സർക്കാരിന്റെ വഞ്ചനയിൽ മൗനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് പറയുന്ന സർക്കാർ ലോക സമാധാനത്തിന് എന്ന് പറഞ്ഞ് കോടികൾ മുടക്കി സെമിനാർ നടത്തുന്നതിനേയും പൗരന്മാരുടെ വാസസ്ഥലം ഉൾപ്പെടെ ബലമായി പിടിച്ചെടുത്ത് ലക്ഷംകോടിയുടെ കെറെയിൽ നടപ്പാക്കുന്നതിനേയും അദ്ദേഹം കുറ്റപ്പെടുത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന 2016 ലെ ഇടതുപക്ഷ പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കുക, ക്ലാസ് 4 ജീവനക്കാർക്ക് 40ശതമാനം വകുപ്പ് തല പ്രമോഷൻ നൽകി ഏകീകരിക്കുക, ജലഗതാഗത വകുപ്പ് സ്‌പെഷ്യൽ റൂൾ ഭേദഗതി ഉടൻ നടപ്പാക്കുക, ലീവ് സറണ്ടർ അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ഉന്നയിച്ചു. ജില്ലാ ട്രഷറർ എൽ. ദിലീപ് കുമാർ, ജില്ലാ സമിതി അംഗങ്ങളായ ടി. സന്തോഷ്, കെ.ആർ. രജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളാണ് മനോജ് ജി. പണിക്കർ (പ്രസിഡന്റ്), പ്രദീപ് ആയിരവേലി (സെക്രട്ടറി), പവിമോൻ (ട്രഷറർ), ബി. ഗോപകുമാർ, രാജീവ് (വൈസ് പ്രസിഡന്റ്), അജിത് കുമാർ, സജീവ് (ജോയിന്റ് സെക്രട്ടറി)