s

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി റീൽസ് 2021 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ അവസാന ഘട്ട സ്ക്രീനിംഗ് നാളെ കൈരളി ശ്രീ തിയേറ്ററിൽ നടക്കും. സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിൽ ഓൺലൈനായി ലഭിച്ച എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 വീതം ഷോർട്ട് ഫിലിമുകളാണ് അവസാന ഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1 മുതൽ 5 മിനിറ്റ് വരെ ദൈർഘ്യമുള്ളതാണ് സിനിമകൾ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 25,000, 15,000 രൂപ ക്യാഷ് അവാർഡും മെമന്റോയും, സർട്ടിഫിക്കറ്റും നൽകും. സ്ക്രീനിംഗിന്റെ ഉദ്ഘാടനം മന്ത്രി സജി ചെയറിയാൻ നിർവഹിക്കും. യുവജനക്ഷേമ ബോർഡംഗം എസ്.സതീഷ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യുവജനക്ഷേമ ബോർഡംഗം എസ്.ദീപു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രികാദേവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.