kavungal

ആലപ്പുഴ: കാവുങ്കൽ ഗ്രാമത്തിലേക്ക് പെൺകുട്ടികളെ കെട്ടിച്ചയയ്ക്കാൻ മാതാപിതാക്കൾക്ക് ഏറെ താത്പര്യമാണ്. സർക്കാർ ജോലിയുള്ള വരനെ കിട്ടും,​ മകളുടെ കരിയറും സുരക്ഷിതമാകും. ഇവിടെ നിന്ന് വധുവിനെ തേടുന്നവരും കുറവല്ല. ഇവിടെയുണ്ട് ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ. സർക്കാർ ജോലി ആഗ്രഹിക്കുന്നവരുടെ സ്വപ്നഭൂമിയാണ് ആലപ്പുഴയിലെ കാവുങ്കൽ ഗ്രാമം. ജോലി ഉറപ്പാക്കാൻ ഇവിടെ സ്ഥലംവാങ്ങി താമസിക്കാൻ എത്തുന്നവരുമുണ്ട്. ഇതിനെല്ലാം കാരണം കാവുങ്കൽ വായനശാലയാണ്. 25 കൊല്ലം പിന്നിട്ടു ഇവിടെ പി.എസ്.സി പരിശീലനം തുടങ്ങിയിട്ട്. പങ്കെടുത്തവരിൽ മിക്കവരും സർക്കാർ ഉദ്യോഗസ്ഥരായി. അത്രയ്ക്ക് കൃത്യതയോടെയുള്ള പരിശീലനം. ജോലി കിട്ടിയവരിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുണ്ട്.

മിക്ക വീടുകളിലുമുണ്ട് ഒന്നിലേറെ സർക്കാർ ഉദ്യോഗസ്ഥർ. കൂട്ടായ്മകൾ രൂപപ്പെട്ട് 1980കളിലാണ് പി.എസ്.സി പരിശീലനം തുടങ്ങിയത്. 1996ൽ വായനശാല ദൗത്യം ഏറ്റെടുത്തു. ജോലി കിട്ടിയവരാണ് ആദ്യം ക്ലാസെടുത്തിരുന്നത്. ഇപ്പോൾ പ്രമുഖരായ പരിശീലകർ. ഓൺലൈൻ വഴി കൊവിഡ് കാലത്തും മുടങ്ങിയില്ല. പത്താം ക്ലാസ് തോറ്റവർക്ക് എഴുതാവുന്ന കെ.എസ്.ഇ.ബി മസ്ദൂർ പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികളെ തേടിപ്പിടിച്ച് പരിശീലനം നൽകിയ ചരിത്രവുമുണ്ട്. 95ശതമാനം പേർക്കും ജോലി കിട്ടി.

പി.എസ്.സിക്കുണ്ടായി സംശയം

ഡിസംബറിലാണ് ക്ളാസുകൾ ആരംഭിക്കുന്നത്. സ്ഥലപരിമിതി മൂലം പരമാവധി 60പേർക്ക് അഡ്മിഷൻ. ഊഴംകാത്ത് പലരും വെയിറ്റിംഗ് ലിസ്റ്റിലാണ്. ഇതുവരെ എത്രപേർക്ക് ജോലി കിട്ടി എന്നതിന്റെ കണക്കൊന്നും സൂക്ഷിച്ചിട്ടില്ല. കാവുങ്കലുകാർ കൂടുതലും ജോലിക്ക് കയറുന്നതോടെ പി.എസ്.സി വിജിലൻസിനുമുണ്ടായി സംശയം. അന്വേഷണം നടത്തിയതോടെ അവർക്ക് വസ്തുത ബോധ്യപ്പെട്ടു.

''

ചിട്ടയായ പരിശീലനവും മോഡൽ പരീക്ഷകളുമാണ് വിജയ രഹസ്യം.

-എസ്.ശ്യാം, ജോയിന്റ് സെക്രട്ടറി,

കാവുങ്കൽ വായനശാല