ആലപ്പുഴ: ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെയും പൊളിച്ച് പണിയുന്ന കൊമ്മാടിപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് അധിക ഫണ്ട് ലഭിക്കാത്തതിനാൽ നിർമ്മാണം നീളുന്നു. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് ശവക്കോട്ടപ്പാലം മാർച്ചിലും കൊമ്മാടിപാലം മേയിലും ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനിച്ചത്. നിലവിൽ ആറുമാസം മുമ്പ് നടന്ന നടപടിക്രമത്തിൽ നിന്ന് ഒരിഞ്ച് മുന്നോട്ടുപോകാതെ നിർമ്മാണം ഇഴയുകയാണ്. രണ്ട് പാലത്തിന്റെയും ഇരുകരകളിലും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 24.14 സെന്റാണ് ഏറ്റെടുക്കുന്നത്. 4.89 കോടി രൂപയാണ് വേണ്ടത്. ഇതിൽ സ്ഥലത്തിന്റെ വിലയായ 4.36 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. നഷ്ടപരിഹാരത്തുകയുടെ പലിശയായ 53ലക്ഷം രൂപയുടെ കുറവാണ് സ്ഥലം ഏറ്റെടുക്കാൻ കാലതാമസം നേരിടുന്നത്. സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാൽ മാത്രമേ അപ്രോച്ച് നിർമ്മാണം ആരംഭിക്കാൻ കഴിയൂ. സ്ഥലം ഏറ്റെടുക്കാൻ കിഫ്ബിയുടെ ചേർത്തല എൽ.എ തഹസീൽദാരെ ചുമതലപ്പെടുത്തിട്ടുണ്ട്. ഇതിന് പുറമേ ഈ ഭാഗത്തെ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിലും തീരുമാനം എങ്ങുമെത്തിയില്ല. ശവക്കോട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡും പാലത്തിന്റെ കൈവിരിയുമാണ് നിർമ്മിക്കാനുള്ളത്. മുൻമന്ത്രിമാരായ ജി.സുധാകരനും ഡോ. ടി.എം. തോമസ് ഐസക്കും കൃത്യമായ മോണിട്ടറിംഗ് നടത്തിയിരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങളിൽ അന്ന് വേഗതയിലായിരുന്നു.ഇപ്പോൾ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ കാലതാമസമാണ് നിർമ്മാണ പ്രവർത്തനം മന്ദഗതിയിലാകുന്നത്.
...............
# എല്ലാം പാഴ്വാക്ക്
സമയബന്ധിതമായി ഇരുപാലങ്ങളും ഗതാഗതത്തിന് തുറന്ന് കൊടുക്കാവാൻ കഴിയുന്ന വിധത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചത് . ആദ്യം ശവക്കോട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ ,പിന്നീട് കൊമ്മാടി ഇരുപാലത്തിന്റെ പുനർനിർമ്മാണം എന്നിങ്ങനെയാണ് പദ്ധതി . ഈ പദ്ധതി തയ്യാറാക്കി കിഫ്ബിയിൽ നിന്ന് അംഗീകാരം നേടിയത് പൊതുമരാമത്ത് വകുപ്പായിരുന്നു. ഇപ്പോൾ നിർമ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിനാണ്.
......
# സ്ഥലം ഏറ്റെടുക്കുന്നത്
നഷ്ടപരിഹാരം..............4.89കോടി
ലഭിച്ചത്.........................4.36കോടി
വേണ്ടത്.......................... 53ലക്ഷം