photo

ചേർത്തല:കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ പറ്റി പഠിക്കാനെത്തിയ ഹിമാചൽ പ്രദേശിലെ സഹകരണ മേഖലയിലെ 20പേരടങ്ങുന്ന സംഘം കഞ്ഞിക്കുഴി സഹകരണ ബാങ്ക് സന്ദർശിച്ചു. അഗ്രിക്കൾച്ചറൽ കോ-ഓപ്പറേ​റ്റീവ് ട്രെയിനിംഗ് ഇൻസ്​റ്റി​റ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് സംഘം ബാങ്കിലെത്തിയത്. ഹിമാചൽ സഹകരണപരിശീലന കേന്ദ്രത്തിന്റെ ഡയറക്ടർ ഷിവാനി ശർമ്മയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് വമ്പിച്ച വരവേൽപ്പാണ് ബാങ്ക് ഒരുക്കിയത്. കഞ്ഞിക്കുഴിയിൽ വിളയിച്ച പൂവൻ പഴം നൽകിയാണ് സംഘത്തെ സ്വീകരിച്ചത്. സംഘങ്ങൾക്ക് കഞ്ഞിക്കുഴി പയറും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, ഭരണ സമിതിയംഗങ്ങളായ ജി.മുരളി,ടി.ആർ. ജഗദീശൻ,കെ. കൈലാസൻ,ടി.രാജീവ്, വിജയ മുരളീകൃഷ്ണൻ , പ്രസന്ന മുരളി, കാർഷിക കൺവീനർ.ജി. ഉദയപ്പൻ, ബാബു കറുവള്ളി എന്നിവരുമായി അംഗങ്ങൾ ബാങ്കിലെ വൈവിദ്ധ്യ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച നടത്തി. കാർഷിക മേഖലയിൽ ബാങ്ക് നടത്തുന്ന പരിപാടികൾ തങ്ങളുടെ സഹകരണ സ്ഥാപനങ്ങളിലും ആരംഭിക്കുന്നതിനായി വിശദമായി പ്രവർത്തനങ്ങൾചോദിച്ച് മനസിലാക്കിയാണ് സംഘം മടങ്ങിയത്. സംസ്ഥാന കർഷക അവാർഡു ജേതാക്കളായ സെൽവരാജ്, ആഷ ഷൈജു,സാനു മോൻ എന്നിവരെ ബാങ്ക് ഉപഹാരം നൽകി ആദരിച്ചു. കേരളത്തിൽ നിന്ന് ഇന്ന് സംഘം മടങ്ങും.