traffic-signal

മാന്നാർ: പരുമലക്കടവിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തത് മൂലം മാന്നാർ ടൗണിലെ ഗതാക്കുരുക്ക് രൂക്ഷമാവുന്നു. കഴിഞ്ഞ എട്ടിന് പരുമലക്കടവിൽ സിഗ്നലിനോട് ചേർന്ന വ്യാപാര സ്ഥാപനങ്ങൾ അഗ്നിക്കിരയായപ്പോൾ സിഗ്നൽ ലൈറ്റുകൾക്ക് ചൂടേറ്റ് കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാതെയായി. മാന്നാർ ടൗണിലെ ഗതാഗത്തിരക്കിനു പരിഹാരമായി സജിചെറിയാന്റെ എം.എൽ.എ ഫണ്ട് വിനിയോഗിച്ചാണ് മാന്നാർ പരുമലക്കടവ്, തൃക്കുരട്ടി ക്ഷേത്രജംഗ്‌ഷൻ, സ്റ്റോർമുക്ക് എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ഇതിനുമുമ്പ് ആഴ്ചകളോളം തകരാറിലായിരുന്ന പരുമലക്കടവിലെ സിഗ്നൽലൈറ്റുകൾ പ്രവർത്തനക്ഷമമാക്കി ദിവസങ്ങൾക്കുള്ളിലാണ് അഗ്നിബാധയിൽ വീണ്ടും തകരാറിലായത്. തിരുവല്ല- മാവേലിക്കര സംസ്ഥാനപാതയിൽ മാന്നാർ തൃക്കുരട്ടി ജംഗ്‌ഷൻ മുതൽ പന്നായിക്കടവ് വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് സ്ഥിരമാണ്. വീതിയില്ലാത്ത റോഡും റോഡിനിരുവശവുമുള്ള അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്ക് മുറുകുന്ന മാന്നാറിൽ പരുമലക്കടവിലെ ട്രാഫിക് സിഗ്നലുകൾകൂടി തകരാറിലായതോടെ വാഹനങ്ങൾ കടന്നുപോകാൻ ഏറെസമയം വേണ്ടിവരുന്നു. രോഗികളുമായി വരുന്ന ആംബുലൻസുകളെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്.