t-v-r
തുറവൂർ ജംഗ്ഷനിൽ പൊതു ശൗചാലയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സർക്കാർ ഭൂമി കാടുകയറിയ നിലയിൽ.

തുറവൂർ: തി​രക്കേറി​യ തുറവൂർ ജംഗ്ഷനി​ൽ എത്തുന്നവർക്ക് എങ്ങാനും ആശങ്ക തോന്നി​യാൽ കാര്യം കുഴഞ്ഞതു തന്നെ. കാരണം ഇവി​ടെ ഒരു പൊതു ശൗചാലയം ഇല്ലെന്നതു തന്നെ.

തുറവൂരിൽ പൊതു ശൗചാലയം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ദേശീയപാതയിലെ നാലും കൂടിയ പ്രധാന ജംഗ്ഷനാണ് തുറവൂരിലേത്. ദീർഘദൂര ബസുകളടക്കം സ്റ്റോപ്പുള്ള തുറവൂരിൽ വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിനാളുകളാണ് വന്നു പോകുന്നത്.

തുറവൂർ താലൂക്കാശുപത്രി, തുറവുർ മഹാക്ഷേത്രം, വെസ്റ്റ് ഗവ.യു.പി.സ്കൂൾ, പോസ്റ്റ് ഓഫീസ്, ബാങ്ക് ശാഖകൾ, കെ.എസ്.എഫ്.ഇ.ശാഖ, വില്ലേജ് ഓഫീസ്, എ.ഇ.ഒ ഓഫീസ്, ഐ.സി.ഡി.എസ്.ഓഫീസ്, കയർ ഇൻസ്പെക്ടർ ഓഫീസ്, എ.ടി.എം കൗണ്ടറുകൾ, അക്ഷയ കേന്ദ്രം, ജനസേവന കേന്ദ്രം, പാരലൽ കോളേജ്, സപ്ലൈകോ ലാഭം മാർക്കറ്റ് എന്നിവ കൂടാതെ ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ, 4 ബസ് സ്റ്റോപ്പുകൾ, നിരവധി മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസ്, ആയുർവേദ ക്ലിനിക്കുകൾ, ജൂവലറികൾ, പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ, ബേക്കറികൾ, ഹോട്ടലുകൾ തുടങ്ങി​ നി​രവധി​ സ്ഥാപനങ്ങൾ ഇവി​ടെയുണ്ട്.

തുറവൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഇതുവഴിയാണ് കടന്നു പോകുന്നത്. തുറവുർ ,കുത്തിയതോട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതാണ് തുറവുർ ജംഗ്ഷൻ. തുറവുർ മഹാക്ഷേത്രത്തിന്റെ ശൗചാലയവും താലൂക്കാശുപത്രിയിലെ രോഗികൾക്കായുള്ള ശൗചാലയവുമാണ് അത്യാവശ്യക്കാർ ആശ്രയിക്കുന്നത്.

അത്യാവശ്യമായ പൊതു ശൗചാലയത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നതിൽ വ്യാപക പ്രതിക്ഷേധമുയരുകയാണ്

പഞ്ചായത്ത് ശൗചാലയം കേസി​ൽ കുടുങ്ങി

പൊതു ശൗചാലയമില്ലാത്തതിനാൽ സ്ത്രീകളടക്കമുള്ളവർ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് വളരെയേറെയാണെങ്കിലും അധികൃതർ ഇത് കാണാത്ത മട്ടാണ് എന്നാണ് നാട്ടുകാരുടെ പരാതി. ജംഗ്ഷനരികിലെ തുറവൂർ വില്ലേജ് ഓഫീസിന് സമീപം പഴയ ദേശീയപാതയുടെ വെറുതെ കിടക്കുന്ന സ്ഥലത്ത് പൊതു ശൗചാലയം പണിയുന്നതിന് തുറവൂർ പഞ്ചായത്ത് കഴിഞ്ഞയിടെ പദ്ധതി തയ്യാറാക്കി ശുചിത്വമിഷന്റെ 5 ലക്ഷവും പഞ്ചായത്തിന്റെ 3 ലക്ഷവുമുൾപ്പടെ 8 ലക്ഷം രൂപ വകയിരുത്തിയതാണ്. എന്നാൽ സമീപത്തെ സ്വകാര്യ വ്യക്തി ഇതിനെതിരെ കേസ് ഫയൽ ചെയ്തു. കോടതി സ്റ്റേ നൽകിയതിനാൽ ഇതി​ന്റെ നിർമ്മാണവും തുടക്കത്തിൽ തന്നെ നിലച്ച സ്ഥിതിയാണ്.

.........................................

തുറവൂർ ജംഗ്ഷനിൽ നൂറ് കണക്കിന് ഡ്രൈവർമാരാണ് സ്റ്റാൻഡിൽ രാപ്പകൽ ഓട്ടോയും ടാക്സി​യും ഓടി​ക്കുന്നത്. പൊതു ശൗചാലയമില്ലാത്തതിനാൽ വളരെയധികം ഇവർ ദുരിതമാണനുഭവിക്കുന്നത്.പൊതു ജനങ്ങളും ബുദ്ധി​മുട്ട് അനുഭവി​ക്കുന്നുണ്ട്. ഇവി​ടെ അടിയന്തിരമായി കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കണം ടി.പി.ബിനീഷ് പീടികത്തറ, ഓട്ടോ ടാക്സി ഡ്രൈവർ, തുറവൂർ സ്റ്റാൻഡ് .

Image Filename Caption