s

ആലപ്പുഴ : കത്തുന്ന വേനലിൽ നാടാകെ വെന്തുരുകുമ്പോൾ പഴങ്ങൾക്കും ജ്യൂസിനും വില കുതിച്ചുയരുന്നു. വിവിധ ഇനം പഴവർഗങ്ങൾക്ക് ഇരട്ടിയോളമാണ് രണ്ടാഴ്ചക്കുള്ളിൽ വില വർദ്ധിച്ചത്. 30രൂപ വില ഉണ്ടായിരുന്ന ഞാലിപ്പൂവൻ പഴത്തിന് ഇന്നലെ 65രൂപയായിരുന്നു വില. പൈനാപ്പിളിനും വില ഇരട്ടിയിലധികമായി. ഓറഞ്ച്, മുന്തിരി, ആപ്പിൾ എന്നിവയുടെയും വില കുത്തനെ ഉയർന്നു. പഴങ്ങൾക്ക് വില വർദ്ധിച്ചതോടെ കടകളിൽ ജ്യൂസിനും വില കൂടി.

അഞ്ചുകിലോ തണ്ണിമത്തന് 100രൂപ മാത്രമാണ് വിലയെങ്കിൽ കടകളിൽ ഒരു ഗ്ളാസ് തണ്ണിമത്തൻ ജ്യൂസിന് ഈടാക്കുന്നത് 20 മുതൽ 25 രൂപവരെയാണ്. വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പഴങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്. ചീഞ്ഞ പഴങ്ങളും എസൻസും ചേർത്താണ് ജ്യൂസ് തയ്യാറാക്കുന്നതെന്നും ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഇത്തരം കടകളിൽ ഉപയോഗിക്കുന്നതെന്നുമാണ് ആരോഗ്യവകുപ്പിന് ലഭിച്ച പരാതി. കമ്പനികളുടെ ബ്രാൻഡിലുള്ള ശീതള പാനീയങ്ങളുടെ വ്യാജനും വിപണിയിലുണ്ട്. ആരോഗ്യ വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും ആവശ്യമുയരുന്നു.

വഴിയോരക്കച്ചവടവും ഉഷാർ

 ചൂട് കടുത്തതോടെ വഴിയോരങ്ങളിൽ ശീതളപാനീയ കടകളുയർന്നു

 തണ്ണിമത്തൻ ജ്യൂസ്, കുലുക്കി സർബത്ത് കടകളാണ് അധികവും

 എല്ലാ കടകളും പ്രവൃത്തിക്കുന്നത് വൃത്തിയായ സാഹചര്യങ്ങളിലല്ല

 സംഭാരം വില്പനയും വഴിയോരങ്ങളിൽ വ്യാപകമായി

പഴങ്ങളുടെ വില (കിലോഗ്രാമിന് )

(ഇപ്പോൾ , രണ്ടാഴ് മുമ്പ്)

സാദാ തണ്ണിമത്തൻ............₹20-15

കിരൺ...................................₹25-20

മഞ്ഞതണ്ണിമത്തൻ...............₹35-25

പൊട്ടുവെള്ളരി .............₹60-70

ഓറഞ്ച്...............₹120-80

ആപ്പിൾ...............₹200-160

ഷമാം............₹35-30

ഏത്തപ്പഴം.............₹65-38

ഞാലിപ്പൂവൻ..........₹.30-60

പൈനാപ്പിൾ..............₹80-30

മുന്തിരി

പച്ച......₹120-100

കറുപ്പ്.......₹.45-30

കുരുവില്ലാത്ത കറുപ്പ്........₹160-140

പച്ച.............₹130-110

ജ്യൂസ് നിരക്ക് (ഒരു ഗ്ളാസിന്)

പൊട്ടുവെള്ളരി.......... ₹30

തണ്ണിമത്തൻ............₹15-20

മിക്‌സഡ് ഫ്രൂട്ട്‌സ് .........₹50

ഫ്രഷ് ജൂസ് (ഓറഞ്ച്,ആപ്പിൾ, പൈനാപ്പിൾ,മുന്തിരി,ഷമാം).................₹ 40

"ചൂട് കൂടുതലായതിനാൽ ഒന്നോരണ്ടോ ദിവസം കൊണ്ട് പഴവർഗങ്ങൾ വിറ്റു മാറിയില്ലെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. കൊവിഡിന് ശേഷം ജൂസ് കുടിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

- സുനിൽ കുമാർ, ഷമാ സ്റ്റോഴ്സ്, തോട്ടപ്പള്ളി.