ചേർത്തല: മുട്ടം സഹകരണ ബാങ്ക് നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം 25ന് രാവിലെ 10.30ന് മന്ത്റി വി.എൻ.വാസവൻ നിർവഹിക്കും. ഓഫീസ് ഉദ്ഘാടനം മന്ത്റി പി.പ്രസാദും സ്​റ്റഡി സെന്റർ മുൻ കേന്ദ്രമന്ത്രി വയലാർ രവിയും ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുട്ടം ബാങ്ക് ടവർ എന്നപേരിൽ ഏഴ് കോടിയിലേറെ രൂപ ചിലവഴിച്ചാണ് ബഹുനില കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.ജെ.സണ്ണി അദ്ധ്യക്ഷനാകും. സാന്ത്വനം ചികിത്സാസഹായം എ.എം. ആരിഫ് എം.പിയും സ്വാശ്രയ വായ്പ നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാഗവനും വിതരണംചെയ്യും.

സഹകരണ ജോയിന്റ് രജിസ്ട്രാർ എസ്.ജോസി സ്‌ട്രോംഗ് റൂം ഉദ്ഘാടനംചെയ്യും. സമാശ്വാസനിധി സഹകരണ ജോയിന്റ് ഡയറക്ടർ(ഓഡി​റ്റ്) എൻ.ശ്രീവത്സനും മെമെന്റോ ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദും വിതരണംചെയ്യും. മുൻ കേന്ദ്രമന്ത്റി എ.കെ.ആന്റണിയും മുട്ടം പള്ളി വികാരി ഫാ. ഡോ. ആന്റോ ചേരാംതുരുത്തിലും അനുഗ്രഹ പ്രഭാഷണം നടത്തും.വൈസ് പ്രസിഡന്റ് ഐസക് മാടവന സ്വാഗതവും ട്രഷറർ സി.ടി.ശശികുമാർ നന്ദിയും പറയും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ക്ലാസ് ഒന്ന് സ്‌പെഷ്യൽ ഗ്രേഡിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് തനത് ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചതും ഭൂമിവാങ്ങിയതും.

നഗരസഭയിലെ ആറ് വാർഡുകളാണ് ബാങ്കിന്റെ പ്രവർത്തന പരിധി. 174.47 കോടി രൂപ നിക്ഷേപവും 153 കോടി നിൽപ്പ് വായ്പയും 3672 അംഗങ്ങളുള്ള ബാങ്കിനുണ്ട്. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ.കെ.ജെ. സണ്ണി, വൈസ് പ്രസിഡന്റ് ഐസക് മാടവന, സെക്രട്ടറി മേഴ്‌സി ജോൺ, ഭരണസമിതി അംഗം അഡ്വ. ജാക്‌സൺ മാത്യു എന്നിവർ പങ്കെടുത്തു.