ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ ബാൾ അസോസിയേഷന്റെ (എ.ഡി.ബി.എ) ആഭിമുഖ്യത്തിലുള്ള ജില്ല യൂത്ത്, സബ് ജൂനി​യർ, കിഡ്‌സ് ബാസ്‌‌കറ്റ്‌ ബാൾ ത്രിദിന ചാമ്പ്യൻഷിപ്പ്സിലെ കിഡ്‌സ് ഗേൾസ് (അണ്ടർ 11), സബ് ജൂനി​യർ ഗേൾസ് (അണ്ടർ 13) വിഭാഗങ്ങളിൽ ഗ്രീൻസ് ക്ലബ് ഇരട്ടക്കിരീടം നേടി. യൂത്ത് ബോയ്‌സിലും (അണ്ടർ 16) ഗേൾസിലും സബ് ജൂനി​യർ ബോയ്‌സിലും കിഡ്‌സ് ബോയ്‌സിലും ജ്യോതിനികേതൻ സ്‌കൂൾ വീജയികളായി.

നഗരചത്വരത്തിലുള്ള ബാബു ജെ. പുന്നൂരാൻ സ്മാരക സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ ഒബ്‌സർവർ നിമ്മി അലക്‌സാണ്ടർ, കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, എ.ഡി.ബി.എ സെക്രട്ടറി ബി. സുഭാഷ്, ട്രഷറർ ജോൺ ജോർജ്, തോമസ് മത്തായി കരിക്കംപള്ളിൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, ജ്യോതിനികേതൻ സ്‌കൂൾ പ്രിൻസിപ്പൾ സെൻ കല്ലുപുര, പേരന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.ടി.സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.