മാവേലിക്കര: ജില്ലാ ജയിലിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. ഓഫീസിനും ജീവനക്കാർക്കുള്ള വിശ്രമമുറിക്കും വേണ്ടി പുതിയ ഇരുനില കെട്ടിടം, തടവുകാരെ പാർപ്പിക്കാനുള്ള കെട്ടിടം, വനിതാ തടവുകാരെ പാർപ്പിക്കാനായി പുതിയ പ്രത്യേക സെൽ നിർമ്മാണം, കിച്ചൻ ബ്ലോക്ക് എന്നിവയാണ് പദ്ധതിയിലുള്ളത്.
ഒന്നാമത്തെ കെട്ടിടത്തിൽ ആയിരത്തി ഒരുനൂറ്റി ഇരുപത് സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പുതിയ ഇരുനില കെട്ടിടത്തിൽ ഇരുന്നൂറ്റി എൺപത്തി അഞ്ച് സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ശുചിമുറിയോട് കൂടിയ മൂന്ന് ഓഫീസ് റൂം, ഒരു സ്റ്റോർ റൂം, ഒരു ലൈബ്രറി എന്നിവ ഉണ്ടാകും.
നിലവിലുള്ള കെട്ടിടത്തിന് മുകളിൽ രണ്ടായിരത്തി മുന്നൂറ്റി അൻപത്തി ഏഴ് സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഉള്ള തടവുകാരെ പാർപ്പിക്കാൻ വേണ്ടി ഇരുന്നൂറ്റി എഴുപത്തി യഞ്ച് സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ശുചിമുറിയോട് കൂടിയ നാല് സെല്ലുകളും, ഒരു യോഗ ഹാളും വനിതാ തടവുകാർക്കുവേണ്ടി നാനൂറ്റി മുപ്പത്തിഏഴ് സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള മുറിയോട് കൂടിയ ഒരു പ്രത്യേക സെല്ലും രണ്ടാമത്തെ കെട്ടിടത്തിൽ ഉണ്ടായിരിക്കും. എണ്ണൂറ്റി അറുപത്തി രണ്ട് സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കിച്ചൻ ബ്ലോക്ക് മൂന്നാമത്തെ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2021 22 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതാണ് ഇവയെന്നും സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ച് നിർമ്മാണം വേഗതയിൽ ആരംഭിക്കുന്നതിനും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മാവേലിക്കര സെക്ഷന് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.