ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ അത്യാധുനിക ഒ.പി ബ്‌ളോക്കിന്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. ജൂലായിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ആശുപത്രിയുടെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങളെ ഒറ്റ കെട്ടിടത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഏഴ് നിലകളിലായി പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്.
12695 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിന് കിഫ്ബി പദ്ധതിയിൽ 117 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിടത്തിന്റെ വൈദ്യുതീകരണം ഉൾപ്പെടെയുള്ള സിവിൽ വർക്കുകൾ ജൂലായ് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി ഹൈ ടെൻഷൻ സബ് സ്റ്റേഷന്റെ നിർമ്മാണവും പുരോഗമിക്കുന്നു. 2020 ഫെബ്രുവരി ഒൻപതിന് അന്നത്തെ ആരോഗ്യമന്ത്രി കെ,.കെ.ശൈലജ നിർമ്മാണോദ്ഘാടനം നിർവഹിച്ച കെട്ടിടസമുച്ചയം 12മാസത്തിനുള്ളിൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യം. പക്ഷേ, കൊവിഡിനെ തുടർന്ന് നിർമ്മാണ ജോലികൾ വൈകി.
പലതും പാഴ്‌വാക്കായി
സൗകര്യങ്ങളെല്ലാമുണ്ടായിട്ടും രോഗികൾക്ക് പ്രയോജനപ്പെടുന്നില്ലെന്നതാണ് ആശുപത്രിയുടെ പേരുദോഷം. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുമെന്ന പ്രഖ്യാപനം ഇതുവരെ പ്രാവർത്തികമായിട്ടില്ല . 18വിഭാഗങ്ങളിലായി 400 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിൽ നിലവിലുള്ളത്. ഇപ്പോൾ നഗരസഭയുടെ സഹായത്തോടെ ഡയാലിസിസ് യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം രോഗികളാണ് പ്രതിദിനം ഇവിടെ ഒ.പി വിഭാഗത്തിലെത്തുന്നത്.
ആലപ്പുഴ ജനറൽ ആശുപത്രി
2007ൽ പഴയ മെഡിക്കൽ കേളേജ് ആശുപത്രി ജനറൽ ആശുപത്രിയാക്കി
341 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു
പുതിയ ഒ.പി ബ്‌ളോക്ക്
1.ഏഴു നിലകൾ
2.ഒ.പി, നഴ്‌സിംഗ് വിഭാഗങ്ങൾ
3.ഫാർമസി, ലാബ്, എക്‌സ്‌റേ, സി.ടി സ്‌കാൻ സൗകര്യങ്ങൾ
നടപ്പാകാത്ത പ്രഖ്യാപനങ്ങൾ
 കാത്ത് ലാബിലേക്ക് സർജനെ നിയമിക്കും
 ആധുനിക പാലിയേറ്റീവ് കെയർ വാർഡ് രൂപീകരിക്കും.
 ഒരു ഡോക്ടറേയും മൂന്ന് നഴ്‌സുമാരെയും നിയമിക്കും
 പ്രായമായവർക്കായി പ്രത്യേക വാർഡ്
'ജൂലായ് മാസത്തിനുള്ളിൽ സിവിൽ ജോലികൾ പൂർത്തീകരിക്കും.ടൈലിടുന്ന ജോലികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കും.
എൻജിനീയർ, പ്രോജക്ട് വിഭാഗം