ആലപ്പുഴ: റോഡിന്റെ നടുഭാഗം ഒഴിവാക്കി ഇരു വശങ്ങളിലായി ടാറിംഗ് നടത്തിയ പി.ഡബ്ല്യു.ഡിയുടെ നടപടിയിൽ പുന്നമട - തോട്ടാത്തോട് നിവാസികൾ പ്രതിഷേധത്തിൽ. തത്തംപള്ളി മുതൽ പുന്നമട വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് നടുഭാഗം ഒഴിച്ചിട്ട് വ്യത്യസ്തമായ ടാറിംഗ് നടത്തിയിരിക്കുന്നത്. ഇതോടെ റോഡിന് പൊക്കവ്യത്യാസം നേരിടുകയാണ്. ഇത് അപകടത്തിന് വഴിവെക്കുമെന്നാണ് നാട്ടുകാരുടെ പരാതി.കുടിവെള്ള പൈപ്പ് ഇടുന്നതിനായി വാട്ടർ അതോറിട്ടി റോഡിന്റെ ഇരുവശങ്ങളും കുഴിച്ചിരുന്നു. ഈ ഭാഗത്താണ് അമൃത് പദ്ധതി പ്രകാരം നിലവിൽ ടാറിംഗ് നടത്തിയെന്നാണ് പി.ഡബ്ലു.ഡി അധികൃതരുടെ വിശദീകരണം. റോഡിന്റെ നടു ഭാഗത്തിന് യാതൊരു പ്രശ്നവുമില്ലാത്തതിനാൽ ആദ്യ ലെവൽ ടാറംഗിൽ ഈ ഭാഗം ഒഴിവാക്കുകയായിരുന്നു. അടുത്തയാഴ്ച്ച രണ്ടാം ലെവൽ ടാറിംഗ് നടക്കും. ഇതോടെ റോഡിന്റെ പൊക്ക വ്യത്യാസം മാറും.
...........
'' എങ്ങും കാണാത്ത തരത്തിലാണ് തത്തംപള്ളി - പുന്നമട പ്രദേശത്തെ റോഡിൽ ടാറിംഗ് നടത്തിയിരിക്കുന്നത്. നടുഭാഗം മാത്രം ഒഴിവാക്കിയിരിക്കുന്നതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്. അടുത്ത ഘട്ടം ടാറിംഗ് നടത്തുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്.
ജി.ശ്രീരേഖ, കൗൺസിലർ, പുന്നമട വാർഡ്
''പൈപ്പിടുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചിരുന്ന ഭാഗത്ത് മാത്രമാണ് ടാറിട്ടത്. അടുത്ത ആഴ്ച്ച രണ്ടാം ലെവൽ ടാറിംഗ് നടത്തുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടും.
എക്സിക്യൂട്ടിവ് എൻജിനീയർ, പൊതുമരാമത്ത് വിഭാഗം