
അമ്പലപ്പുഴ പിടിവിട്ട് വർദ്ധിച്ച ഇന്ധന ചിലവിനൊപ്പം മത്സ്യത്തിന്റെ ലഭ്യതക്കുറവും കടുത്തതോടെ മത്സ്യബന്ധന മേഖല മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിൽ. ജില്ലയിൽ രണ്ടാഴ്ചയായി മത്സ്യക്ഷാമം അതിരൂക്ഷമാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറു കണക്കിന് വള്ളങ്ങൾ കടലിൽ ഇറക്കുന്നുണ്ടെങ്കിലും പലർക്കും ഒരു കുട്ട മത്സ്യംപോലും കിട്ടാത്ത സ്ഥിതിയാണ്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് മത്സ്യക്ഷാമത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
മീൻലഭ്യത കുറവായതിനാൽ വള്ളങ്ങൾ കടലിൽ ഇറക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മടിക്കുകയാണ്. മത്സ്യം വിറ്റുകിട്ടുന്ന തുക ഇന്ധന ചെലവിനുപോലും തികയുന്നില്ലെന്നാണ് ഇവർ പറയുന്നത്. താപനില ഉയർന്നതോടെ പകൽസമയം കൂടുതൽനേരം കടലിൽ മത്സ്യബന്ധനം നടത്താൻ കഴിയില്ല. സൂര്യാഘാതമേൽക്കാൻ സാദ്ധ്യത ഏറെയാണ്. തൈക്കൽ, അർത്തുങ്കൽ, മാരാരിക്കുളം, ചേന്നവേലി, ചെത്തി, കാട്ടൂർ , തുമ്പോളി, പുന്നപ്ര ചള്ളി, കരൂർ, ആനന്ദേശ്വരം, തോട്ടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളാണ് ജില്ലയിലെ പ്രധാന ചന്തക്കടവുകൾ. ഇപ്പോൾ ആനന്ദേശ്വരത്ത് മാത്രമാണ് വള്ളങ്ങൾ അടുക്കുന്നത്. മറ്റു ചന്തക്കടവുകളുടെ പ്രവർത്തനം നിലച്ച അവസ്ഥയാണ്. ഇതോടെ ചുമട്ടുകാർ ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികളും കടപ്പുറത്തെ താത്കാലിക കച്ചവടക്കാരും പട്ടിണിയിലായി.
പിടിവിട്ട് ഇന്ധന ചിലവ്
ഡിസ്കോ, ബീഞ്ച്, താങ്ങ് ,ലെയ്ലന്റ് ഇനത്തിൽപ്പെട്ട വള്ളങ്ങളും ഒരാൾ പണിയെടുക്കുന്ന പൊന്തുവലക്കാരുമാണ് ജില്ലയുടെ തീരത്തു നിന്നും കൂടുതലായും കടലിൽ മത്സ്യ ബന്ധനം നടത്തുന്നത്. ഡിസ്കോ വള്ളത്തിൽ പത്ത് പേരും ലെയ്ലന്റ് പോലുള്ള ഇൻ ബോർഡ് വള്ളത്തിൽ 100 ഓളം തൊഴിലാളികളുമാണ് പണിയെടുക്കുന്നത്. ചെറുവള്ളം കടലിൽ പോയി കരയെത്തുമ്പോൾ 5000 രൂപയോളം ഇന്ധന ചെലവു വരും. കൂറ്റൻ ലെയ്ലന്റാകുമ്പോൾ ഇതിന്റെ മൂന്നിരട്ടി ചെലവാകും.
'' കരയിൽ നിന്ന് ഏകദേശം 10 കിലോമീറ്ററോളം തുഴഞ്ഞാണ് മത്സ്യബന്ധനം നടത്തുന്നത്. കാര്യമായി മീൻ കിട്ടാത്തതു മൂലം ശാരീരിക അദ്ധ്വാനം മാത്രമാണ് മിച്ചം. തീരദേശ മേഖല കടുത്ത ദുരിതത്തിലാണ്.
(പരമ്പരാഗത മത്സ്യത്തൊഴിലാളികൾ)
.