ambala

അമ്പലപ്പുഴ: അംഗപരിമിതികളെ മറികടക്കാൻ പരിശ്രമിക്കുന്ന അപ്പുവിന് സഹായവുമായി എച്ച്.സലാം എം.എൽ.എ. ഇരുകാലുകളും ഒരു കൈയുമില്ലാത്ത അപ്പു ഏറെ നാളായി ആഗ്രഹിച്ച ലാപ്ടോപ്പാണ് എം.എൽ.എയുടെ ഇടപെടലിൽ ലഭിച്ചത്. പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് അപ്പു നിവാസിൽ പുഷ്കരൻ - ശ്യാമള ദമ്പതികളുടെ മകനായ 22കാരൻ അപ്പു ബിഎ പഠനം പൂർത്തിയാക്കിയ ശേഷം അനിമേഷൻ കോഴ്സ് പഠിക്കുകയാണ് ഇപ്പോൾ. പലരുടേയും സഹായത്താൽ സ്വന്തമാക്കിയ ഒരു മൊബൈൽ ഫോൺ മുഖേന ഓൺലൈൻ പഠനത്തിന് ശ്രമിച്ചെങ്കിലും അപ്പുവിന്റെ ആഗ്രഹത്തിനൊത്ത് പ്രവർത്തിപ്പിക്കാൻ കഴിയുന്നതായിരുന്നില്ല ഫോൺ. ഈ ഘട്ടത്തിലാണ് അനിമേഷൻ പഠനത്തിന് സഹായമാകുന്ന ലാപ്ടോപ്പ് ലഭ്യമാക്കാൻ സഹായമഭ്യർത്ഥിച്ച് എച്ച്. സലാം എം.എൽ.എയ് ക്ക് അപ്പു വാട്സ് ആപ്പ് സന്ദേശമയച്ചത്. ഇതിനു പിന്നാലെ, സുഹൃത്തും വണ്ടാനം സ്വദേശിയുമായ സിബു ഇല്ലിക്കൽ അപ്പുവിന്റെ ദുരിതാവസ്ഥ എം.എൽ.എയെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് എച്ച് .സലാം തോട്ടപ്പള്ളിയിലെ സി.പി.എം അംഗമായ രഘു മുഖാന്തിരം, സൗദിയിൽ ജോലി ചെയ്യുന്ന സുഹൃത്തും ഇടതുസംഘടനയായ നവോദയയുടെ എക്സിക്യൂട്ടീവ് അംഗവുമായ തോട്ടപ്പള്ളി അമ്പാടിയിൽ സുനിലിനെ ബന്ധപ്പെട്ട് അപ്പുവിന്റെ അവസ്ഥയറിയിച്ചു. ഇതോടെ 77000 ത്തോളം രൂപ വിലവരുന്ന ലാപ്ടോപ്പ് സുനിൽ എത്തിച്ചുകൊടുക്കുകയായിരുന്നു. കഴിഞ് ദിവസം എം.എൽ.എ അപ്പുവിന്റെ വീട്ടിലെത്തി ലാപ്പ്ടോപ്പ് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം ജി. വേണുലാൽ, പഞ്ചായത്തംഗം രാഹുൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. അരുൺ, സുനിൽ, രഘു, സിബു എന്നിവരും ഒപ്പമുണ്ടായിരുന്നു.