തുറവൂർ: കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച നിലവാരത്തിൽ ഗ്രാമീണ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച ഉദ്യോഗസ്ഥർക്കും കരാറുകാരനും നാടിന്റെ ആദരം .കുത്തിയതോട് ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ പുതുവൽനിവർത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിച്ച അർത്തുങ്കൽ ഹാർബർ എൻജിനീയറിംഗ് സബ്ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എം.പി.സുനിൽ,അസി. എൻജിനീയർ അനിൽകുമാർ, കരാറുകാരൻ രാഘവേന്ദ്ര ഷേണായി എന്നിവരെയാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചത്. മനോഹരമായി ടൈൽ പാകി കോൺക്രീറ്റ് ചെയ്ത റോഡിന്റെ നിർമ്മാണത്തിന് 11 ലക്ഷം രൂപയാണ് അടങ്കൽ തുക. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.ബി.രുമേഷ് അദ്ധ്യക്ഷത വഹിച്ചു.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ലത ശശിധരൻ,കുത്തിയതോട് പഞ്ചായത്തംഗം ദീപ,എൻ.കെ.പവിത്രൻ,പി.വിനോദ്,ഹരിലേഖ ബിനേഷ് എന്നിവർ സംസാരിച്ചു.